ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ ഫലിക്കുമോ അതോ അട്ടിമറി നടക്കുമോയെന്ന ചോദ്യത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരം. ഗുജറാത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ രണ്ടാം തവണയും ബി ജെ പി അധികാരത്തില്‍ തുടരുമെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ പറയുന്നത്.
വോട്ടെണ്ണല്‍ എട്ടു മണിക്ക് ആരംഭിക്കും. രണ്ടു മണിക്കൂറിനുള്ളില്‍ ഏറെക്കുറെ ട്രെന്‍ഡ് വ്യക്തമാവുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പിക്കു വൻ തിരിച്ചടിയേറ്റതിനു പിന്നാലെയാണു ഗുജറാത്തിലും ഹിമാചലിലും ഫലം പ്രഖ്യാപനം നടക്കുന്നത്.
ഗുജറാത്തില്‍ രണ്ട് ഘട്ടമായാണു തിരഞ്ഞെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ ഒന്നിനു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 63.3 ശതമാനമായിരുന്നു പോളിങ്. 93 സീറ്റിലേക്ക് അഞ്ചിനു നടന്ന രണ്ടാം ഘട്ടത്തില്‍ 64.65 ശതമാനം പോളിങ് രേഖപ്പെടുത്തി. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 ന് ഒറ്റ ഘട്ടമായാണു വോട്ടെടുപ്പ്. 74 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബി ജെ പി സീറ്റ് നില 2017 ലേക്കാള്‍ മെച്ചപ്പെടുത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിച്ചത്. ന്യൂസ് എക്സ് ജന്‍ കി ബാത്ത് ഒഴികെയുള്ള മിക്കവാറും സര്‍വേകളും പറയുന്നത് ബി ജെ പിക്കു 120-ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ്. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് എക്സിറ്റ് പോള്‍ കണക്കുകള്‍ നിരാശാജനകമാണ്. പാര്‍ട്ടിയുടെ കാര്യത്തില്‍ എക്കാലത്തെയും മോശം പ്രകടനമാണ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. വമ്പന്‍ പ്രചാരണത്തിലൂടെ ഗുജറാത്തില്‍ സാന്നിധ്യം ഉറപ്പാക്കാന്‍ ശ്രമിച്ച ആം ആദ്മി പാര്‍ട്ടി 20 സീറ്റ് കടന്നേക്കില്ലെന്നാണു പ്രവചനം.
ഭരണകക്ഷിക്ക് അധികാരം നഷ്ടപ്പെടുന്നതാണു ഹിമാചല്‍ പ്രദേശിന്റെ പാരമ്പര്യം. എന്നാല്‍, ഇത്തവണ കടുത്ത പോരാട്ടത്തിനൊടുവില്‍ ബി ജെ പിക്കു ഭരണം നിലനിര്‍ത്തുമെന്നാണ് ഒന്നൊഴികെയുള്ള അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. 68 അംഗ നിയമസഭയില്‍ 40 സീറ്റ് ബി ജെ പിക്കു ലഭിക്കുമെന്നാണു പ്രവചനങ്ങള്‍. 34 സീറ്റാണു കേവല ഭൂരിപക്ഷത്തിനുവേണ്ടത്. അതേസമയം, കോണ്‍ഗ്രസ് 30-40 സീറ്റും ബി ജെ പി 24-34 സീറ്റും നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേ പ്രവചനം.
പ്രവചനങ്ങൾ ഇങ്ങനെ
ഗുജറാത്ത്
ബി ജെ പിക്കു 125-130 സീറ്റ് ലഭിക്കുമെന്നാണ് ടിവി9 എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിനു 30-40 സീറ്റും ആം ആദ്മി പാര്‍ട്ടി (എ എ പി) 3-5 സീറ്റും മറ്റുള്ളവര്‍ 3-7 സീറ്റും നേടുമെന്നും ടിവി9 പ്രവചിക്കുന്നു.
ബി ജെ പിക്കു 117 മുതല്‍ 140 വരെ സീറ്റാണു ജന്‍ കി ബാത്ത് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 34 മുതല്‍ 51 വരെയും എ എ പി ആറു മുതല്‍ 13 വരെ സീറ്റും പ്രവചിക്കുന്നു.
128-148 സീറ്റാണു ബി ജെ പിക്കു പി-മാര്‍ഖ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിനു 32-40 സീറ്റും എ എ പിക്കു രണ്ട്-10 സീറ്റും പ്രവചിക്കുന്നു.
ഹിമാചല്‍ പ്രദേശ്
35-40 സീറ്റോടെ ബി ജെ പി അധികാരം നിലനിര്‍ത്തുമെന്നാണു ബാര്‍ക് പ്രവചനം. കോണ്‍ഗ്രസ് 20-25 സീറ്റും എ എ പി 0-മൂന്ന് സീറ്റും മറ്റുള്ളവര്‍ ഒന്ന്-അഞ്ച് സീറ്റും ബാര്‍ക് പ്രവിക്കുന്നു.
3240 സീറ്റോടെ ബി ജെ പി അധികാരത്തില്‍ തുടരുമെന്നാണു ന്യൂസ് എക്സ് പ്രവചനം. കോണ്‍ഗ്രസ് 27-34 സീറ്റ് നേടും. അതേസമയം എ എ പിക്കു സീറ്റൊന്നും ലഭിക്കില്ലെന്നാണു പ്രവചനം.
ബി ജെ പിക്കു 38 സീറ്റാണ് ഇ ടി ജി പ്രവചിക്കുന്നത്. കോണ്‍ഗ്രിന് 28 സീറ്റും. എ എ പി ഒരിടത്തുപോലും വിജയിക്കില്ലെന്നും എക്സിറ്റ് പോൾ പ്രവ പറയുന്നു.