ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്നത്തെ വാദം പൂർത്തിയായി. മേയ് രണ്ടിനു വാദം തുടരും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിച്ചത്. നേരത്തെ, രാഹുലിന്റെ അപ്പീൽ പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് ഗീത ഗോപി പിന്മാറിയിരുന്നു.
രാഹുലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി ഹാജരായി. ശിക്ഷാവിധി ധാര്‍മ്മിക തകര്‍ച്ചയ്ക്കുള്ള കുറ്റമല്ലെന്നും വിവിധ വിധിന്യായങ്ങള്‍ പ്രകാരം നിര്‍വചിച്ചിരിക്കുന്നതുപോലെ ഗുരുതരമായ കുറ്റം ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഷേക് മനു സിങ്വി വാദിച്ചു.
ഏപ്രിൽ 20 ന് അപകീർത്തി കേസിൽ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ് രാഹുലിനായി അപ്പീൽ നൽകിയത്. കോടതിയിൽനിന്ന് സ്റ്റേ ലഭിച്ചാൽ രാഹുലിന്റെ ലോക്സഭാ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെടും.
2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം. “എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം എങ്ങനെയാണ് മോദി വന്നത്?”എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലായിരുന്നു രാഹുലിന്റെ ഈ വാക്കുകൾ. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി കൊടുത്തത്.
ഈ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്.വെര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു.