/indian-express-malayalam/media/media_files/uploads/2022/07/Gujrat-High-Court.jpg)
അഹമ്മദാബാദ്: ബലാത്സംഗ അതിജീവിതയായ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിക്കു ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി. 30 ആഴ്ചത്തെ ഗര്‍ഭം അവസാനിപ്പിക്കുന്നത് അഭികാമ്യമല്ലെന്ന മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തെത്തുടര്‍ന്നാണു കോടതി ഉത്തരവ്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ജന്മനാ മൂകയാണ്. മാനസികനിലയും മോശമാണ്. കുട്ടിയുടെ അമ്മ വിധവയും കുടുംബത്തിന്റെ ഏക അത്താണിയുമാണ്. ഇവര്‍ വൈകിയാണു പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്നു മനസിലാക്കിയത്. തുടര്‍ന്ന് ധനേര പൊലീസ് സ്‌റ്റേഷനില്‍ ജൂണില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയത്തിലെയും പോക്‌സോ നിയമത്തിലെയും വകുപ്പുകള്‍ ബലാത്സംഗക്കുറ്റത്തിനാണു പൊലീസ് കേസെടുത്തത്.
''29 ആഴ്ചയും ആറ് ദിവസവും വളര്‍ച്ചയെത്തിയ ഗര്‍ഭം അവസാനിപ്പിക്കുന്നത് അഭികാമമ്യമല്ല,'' എന്നാണു കുട്ടിയെ പരിശോധിച്ച ബനാസ് മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ പാനല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഗര്‍ഭം തുടരാന്‍ അനുയോജ്യമായ അവസ്ഥയിലാണു പെണ്‍കുട്ടിയെന്നും രോഗിയുടെ ജീവന് കാര്യമായ അപകടമൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. ഇതു കണക്കിലെടുത്താണു കോടതി ഉത്തരവ്.
Also Read: പ്രവാചകനെതിരായ വിവാദ പരാമർശം; നൂപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിനൊപ്പം ഭിന്നശേഷിക്കാരിയെന്ന നിലയിലുള്ള അതിജീവിതയുടെ അവസ്ഥയും സാമൂഹിക-സാമ്പത്തിക സാഹചര്യവും കോടതി പരിഗണിച്ചു. പ്രസവത്തിനുശേഷം കുഞ്ഞിനെ മികച്ച അനാഥാലയത്തിനു കൈമാറാന്‍ ജസ്റ്റിസ് നിരാല്‍ മേത്ത നിര്‍ദേശിച്ചു. പാടാനിലെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശത്തോടെയായിരിക്കണം കൈമാറ്റ നടപടികള്‍.
പ്രസവം വരെയും പ്രസവത്തിനു ശേഷമുള്ള ദിവസങ്ങളിലും അതിജീവിതയുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കോടതി ജില്ലാ കലക്ടറോട് നിര്‍ദ്ദേശിച്ചു.
2019ലെ ഗുജറാത്ത് ഇര നഷ്ടപരിഹാര ചട്ടപ്രകാരമുള്ള ഇടക്കാല നഷ്ടപരിഹാരം 15 ദിവസത്തിനുള്ളില്‍ തീരുമാനിക്കാന്‍ ഗുജറാത്ത് സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയോട് കോടതി അഭ്യര്‍ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.