അഹമ്മദാബാദ്: മോര്‍ബി തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നഷ്ടപരിഹാര തുക ഇരട്ടിയാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഒറെവ ഗ്രൂപ്പിനോട് ഉത്തരവിട്ടു. അപകടത്തില്‍ മരിച്ച 135 പേര്‍ക്കും പരുക്കേറ്റ 56 പേര്‍ക്കും സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയുമായി ഒത്തുനോക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫലത്തില്‍ കമ്പനി ഇടക്കാല നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്ത തുക ഇരട്ടിയാകും.
അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും അപകടത്തില്‍ പരിക്കേറ്റ 56 പേര്‍ക്ക് 2 ലക്ഷം രൂപ വീതവും ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ ഒറെവ ഗ്രൂപ്പിനോട് ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി, ജസ്റ്റിസ് സന്ദീപ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഒറെവ നല്‍കേണ്ട നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട കോടതി പകുതി തുക രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്നും ബാക്കി തുക നല്‍കാന്‍ 15 ദിവസത്തെ സമയവും അനുവദിച്ചു. ന്ഷ്ടപരിഹാര തുക ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായും നല്‍കാനാണ് കോടതി ഉത്തവരിട്ടത്.
അപകടത്തില്‍ മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കാന്‍ തയ്യാറാണെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ നിരുപം നാനാവതി ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ യൂണിയന്‍ കാര്‍ബൈഡിന്റേത് ഉള്‍പ്പെടെയുള്ള സുപ്രീം കോടതി വിധികളുടെ മുന്‍ മാതൃകകളെയാണ് കോടതി ആശ്രയിച്ചത്.
അതേസമയം, അപകടത്തെ തുടര്‍ന്ന് അനാഥരായ ഏഴ് കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്തവും കമ്പനി ഏറ്റെടുക്കുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കുട്ടികളെ വിദ്യാഭ്യാസം, വൈദ്യ പരിചരണം, താമസം എന്നിവ ഒറെവ ഉറപ്പ് നല്‍കണം. കൂടാതെ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അതത് മേഖലയില്‍ ജോലി ഉറപ്പാക്കണമെന്നും ഉത്തവില്‍ പറയുന്നു. ദുരന്തത്തിലെ ഇരകള്‍ക്ക്, പ്രത്യേകിച്ച് അനാഥരായ, മാനസിക ആഘാതത്തിന് വിധേയരായവര്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ നീട്ടാനും കോടതി സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി.