അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹർദിക് പട്ടേൽ പാർട്ടി വിട്ടു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം. രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും കൈമാറി. ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് രാജി. രാജ്യത്തിന്റെയും സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് എതിരായാണ് കോൺഗ്രസ് നേതൃത്വം പ്രവർത്തിക്കുന്നതെന്ന് സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ആരോപിച്ചു.
നേരത്തെ മുതൽ തന്നെ സംഘടനാ തീരുമാനങ്ങളിൽ തന്നെ ഉൾപ്പെടുത്തുന്നിലെന്നും തന്റെ രാഷ്ട്രീയ സാധ്യതകൾ അട്ടിമറിക്കുകയാണെന്നും ആരോപിച്ച് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഹാർദിക് പട്ടേൽ രംഗത്തെത്തിയിരുന്നു.
“ഇന്ന്, ധൈര്യത്തോടെ, കോൺഗ്രസ് പാർട്ടിയിലെ സ്ഥാനവും പ്രാഥമിക അംഗത്വവും ഞാൻ രാജി വെക്കുന്നു. എന്റെ തീരുമാനത്തെ ഗുജറാത്തിലെ ഓരോ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭാവിയിൽ ഗുജറാത്തിന് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ എന്റെ ഈ നടപടി സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” രാജി പ്രഖ്യാപിച്ചുകൊണ്ട് ഹർദിക് ട്വിറ്ററിൽ കുറിച്ചു.
2015 ൽ ഗുജറാത്തിൽ നടന്ന പാട്ടിദാർ സംവരണ പ്രക്ഷോഭത്തോടെ ശ്രദ്ധനേടിയ 28 കാരനായ ഹാർദിക് പട്ടേൽ, 2019 ലാണ് കോൺഗ്രസിൽ ചേർന്നത്. 2020 ജൂലൈയിൽ കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റായി നിയമിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ച രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന മൂന്ന് ദിവസത്തെ കോൺഗ്രസ് ചിന്തൻ ശിവറിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. രണ്ട് ദിവസം മുമ്പ് ഖോദൽധാം സ്ഥാപകനും പട്ടീദാർ നേതാവുമായ നരേഷ് പട്ടേലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് രാജി പ്രഖ്യാപനം.
Also Read: രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളനെ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്, മോചനം 31 വർഷത്തിന് ശേഷം