അഹമ്മദാബാദ്: ഗുജറാത്തിലെ അഞ്ചാം ക്ലാസ് ടെക്‌സ്റ്റ് ബുക്കില്‍ ഡോക്ടര്‍ ബി.ആര്‍.അംബേദ്കറിന്റെ വാക്കുകള്‍ തിരുത്തിയെഴുതിയതില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്ക് പ്രതിഷേധക്കാര്‍ കത്തയച്ചു. ടെക്സ്റ്റ് ബുക്കില്‍ നിന്നും തെറ്റായ വാക്കുകള്‍ മാറ്റി യഥാര്‍ത്ഥ വാക്കുകള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് തിരുത്തേണ്ട പിശക് പാഠപുസ്തകത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കാനും ഉണ്ടെങ്കില്‍ തിരുത്താന്‍ നിർദേശം നല്‍കാനുമായി വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമ അടുത്തയാഴ്ച വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂള്‍ പാഠപുസ്തക ബോര്‍ഡിന്റെയും പ്രത്യേക യോഗം വിളിച്ചു.
ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ഈശ്വര്‍ പര്‍മര്‍, വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമ എന്നിവരുടെ ഓഫീസുകള്‍ക്കും സംഘം മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് നല്‍കി.
അംബേദ്കറിന്റെ പ്രശസ്തമായ മുദ്രാവാക്യം – വിദ്യ അഭ്യസിക്കുക, പ്രക്ഷോഭിക്കുക, സംഘടിക്കുക- എന്നത് ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങളുടെ പര്യായമായി മാറിയതാണ്. ഗുജറാത്തിയില്‍, ”ശിക്ഷിത് ബാനോ, സംഗതിത് ബാനോ ആനെ സംഘര്‍ഷ് കരോ” എന്നാണ് ഇത് പ്രചാരത്തിലുള്ളത്.
‘ഭാരത് രത്‌ന-ഡോ അംബേദ്കര്‍’ എന്ന ഡോ.അംബേദ്കറിനെക്കുറിച്ചുള്ള അഞ്ചാം ക്ലാസ് ഗുജറാത്തി പാഠപുസ്തകത്തിലെ മുദ്രാവാക്യം തിരുത്തി എഴുതിയതിനെതിരെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ‘ബാബാസാഹേബിന്റെ ഒരു മുദ്രാവാക്യം ഓർമിക്കേണ്ടതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സ്വാശ്രയത്വം നേടുക എന്നിവയാണ് യഥാർഥ സഹായം,’ എന്നാണ് പാഠപുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
പുസ്തകത്തിലെ മുദ്രാവാക്യത്തെ പരാമര്‍ശിച്ചുളള പ്രതിഷേധ കത്ത് സമര്‍പ്പിച്ചവര്‍ പാഠപുസ്തകത്തിലെ മുദ്രാവാക്യം ഡോ.അംബേദ്കറുടേതല്ലെന്ന് പറഞ്ഞു.
ഡോ.അംബേദ്കറുടെ യഥാർഥ മുദ്രാവാക്യം ലോകപ്രശസ്തമാണെന്നും ആളുകൾ ഇത് നിരവധി തവണ ചൊല്ലിയിട്ടുള്ളതാണെന്നും പ്രതിഷേധക്കാർ നൽകിയ കത്തിൽ പറയുന്നു. “മുദ്രാവാക്യത്തിലെ ഏതെങ്കിലും വിവേചനാധികാര മാറ്റം ബാബാസാഹേബിന്റെ കോടിക്കണക്കിന് അനുയായികളുടെ വികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, ചരിത്രപരമായ ഒരു സത്യത്തിന്റെ വികലമായ അവതരണം എന്നും വിളിക്കപ്പെടും,” പ്രതിഷേധ കത്തിൽ പറയുന്നു.
പ്രതിഷേധ കത്തിൽ സുഭാഷ് ചന്ദ്ര ബോസിന്റെ പ്രശസ്ത മുദ്രാവാക്യമായ – നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം – എന്ന വാക്കുകളുമായുള്ള താരതമ്യവും ഉണ്ട്. “നിങ്ങൾ എനിക്ക് പണം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം – എന്ന തരത്തിൽ ആ മുദ്രാവാക്യം നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? നമ്മുടെ പ്രിയപ്പെട്ട നേതാവ് സുഭാഷ് ചന്ദ്രബോസിന്റെ? അതും കുട്ടികൾക്കുള്ള ഒരു പാഠപുസ്തകത്തിൽ? ” പ്രതിഷേധക്കാർ ചോദിക്കുന്നു.
Read in English