അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ചുമതലയേൽക്കും. ഘട്ട്ലോഡിയയിൽ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേൽ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനി ശനിയാഴ്ച രാജി വച്ചിരുന്നു. ഇതിന് പിറകെ ഞായറാഴ്ച ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
നടപ്പ് നിയമസഭയിൽ ആദ്യമായി എംഎൽഎ ആയ പട്ടേൽ മേംനഗർ മുനിസിപ്പാലിറ്റി പ്രസിഡന്റ് സ്ഥാനവും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ, അഹമ്മദാബാദ് നഗര വികസന അതോറിറ്റി എന്നിവയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
വിജയ് രൂപാണി ശനിയാഴ്ച രാജിവച്ചതിന് ശേഷം ഗുജറാത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയെയും നരേന്ദ്ര സിംഗ് തോമറിനെയും നിരീക്ഷകരായി നിയമിച്ചിരുന്നു.
Read More: ആരാണ് ഭൂപേന്ദ്ര പട്ടേൽ; ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ച് അറിയേണ്ടതെല്ലാം
രൂപാനിയുടെ രാജി സംസ്ഥാനത്തെ ഭരണപരാജയം മറച്ചുവയ്ക്കാൻ അദ്ദേഹത്തെ ബലിയാടാക്കിയതാണെന്ന് പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്തിലെ “കോവിഡ് വ്യാപന സമയത്ത് അതിന്റെ തെറ്റായ കൈകാര്യം ചെയ്യൽ മറയ്ക്കാൻ” രൂപാനിയെ “ബലിയാടാക്കി” എന്ന് കോൺഗ്രസ് ആരോപിച്ചു.
“ഈ സർക്കാർ എല്ലാ മേഖലകളിലും കടുത്ത പരാജയമാണ്. ഗുജറാത്തിലെ സംസ്ഥാന സർക്കാർ ഡൽഹിയിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നതാണ്. ആനന്ദിബെനോട് കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കാൻ ആവശ്യപ്പെട്ട വിധം, വിജയ് രൂപാണിയുടെ കാര്യത്തിലും ആവർത്തിക്കപ്പെടുന്നു. അദ്ദേഹത്തിന് മുഴുവൻ കാലാവധി അനുവദിച്ചിട്ടില്ലെന്ന് ഞങ്ങൾക്കറിയാം,’ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് ചാവ്ഡ പറഞ്ഞു,
“ഗുജറാത്തിലെ 27 വർഷത്തെ ഭരണത്തിന് ശേഷം, ബിജെപിക്ക് മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്നാൽ അത് അതിന്റെ മോശം അവസ്ഥയാണ് കാണിക്കുന്നത്,” എന്ന് ആം ആദ്മി പാർട്ടി ഗുജറാത്ത് ജനറൽ സെക്രട്ടറി മനോജ് സൊരതിയ പറഞ്ഞു.