അഹമ്മദാബാദ്: മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനുളള ലൈസൻസ് പുതുക്കി നൽകാത്ത സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. സബർകാന്ത ജില്ലയിലാണ് ഒരു കൂട്ടം ബ്രാഹ്മണർ ആവശ്യപ്പെട്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികളുടെ ലൈസൻസ് ജില്ല കളക്ടർ റദ്ദാക്കിയത്.

ജസ്റ്റിസുമാരായ ആനന്ദ് എസ് ദവെ, ബിരെൻ വൈഷ്ണവ് എന്നിവരുൾപ്പെട് ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോട് സെപ്റ്റംബർ 9 ന് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് ജില്ലയിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം തടസ്സപ്പെടുത്തി ജില്ല കളക്ടർ ഉത്തരവിട്ടതെന്ന് പരാതിക്കാരായ ആശ മത്സ്യ വികാസ് കെദുത് മംഗലം മണ്ഡൽ പ്രസിഡന്റ് ആശാബെൻ പി മഖാവന പറയുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് മത്സ്യബന്ധനത്തിനുളള ടെണ്ടർ വിളിച്ച് സർക്കാർ ഉത്തരവിട്ടത്. ഒക്ടോബർ 24 ന് പ്രതാപ്‌സാഗർ റിസർവോയറിൽ മത്സ്യബന്ധനം നടത്താൻ ആശ മത്സ്യ വികാസ് കെദുത് മംഗലം മണ്ഡലിന്  അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. 2017 ജൂലൈ മുതൽ 2022 ജൂൺ വരെയായിരുന്നു ലൈസൻസിന്റെ കാലാവധി.

എന്നാൽ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് പ്രതാപ്‌സാഗർ അണക്കെട്ടിലെ മത്സ്യബന്ധനം എന്നാരോപിച്ച് ഹിരാലാൽ പൂനംലാൽ ജോഷി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയായിരുന്നു.  എന്നാൽ ഈ വർഷം ഏപ്രിലിൽ ജോഷി ഈ പൊതുതാത്പര്യ ഹർജി പിൻവലിക്കുകയും ഇക്കാര്യം അറിയിച്ച് ജില്ല കളക്ടർക്ക് കത്തയക്കുകയും ചെയ്തു.

എന്നാൽ മത്സ്യബന്ധനത്തിനുളള ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിക്കാൻ ജില്ല ഭരണകൂടം തയ്യാറായില്ല. അണക്കെട്ടിന് സമീപത്തെ റായ്‌ഗഥ് ഗ്രാമത്തിൽ താമസിക്കുന്ന ചിലർ ജില്ല ഭരണകൂടത്തെ സമീപിച്ചതായാണ് പിന്നീട് വിവരാവകാശ നിയമ പ്രകാരമുളള ചോദ്യത്തിന് മറുപടി ലഭിച്ചത്.

ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ റായ്‌ഗഥ് നിവാസികളായ ബ്രാഹ്മണരുടെ ആവശ്യപ്രകാരമാണ് ജില്ല ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് വിമർശിക്കുന്നു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ