അഹമ്മദാബാദ്: രാജ്യത്ത് അന്ധവിശ്വാസത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ഗുജറാത്തില്‍ നടന്ന കുടുംബത്തിന്റെ മരണത്തിലും ദുരൂഹത. അഹമ്മദാബാദില്‍ ബുധനാഴ്ചയാണ് 45കാരനേയും ഭാര്യയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാല്‍ ത്രിവേദി, 45കാരിയായ കവിത, 16കാരിയായ മകള്‍ ശ്രീന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ത്രിവേദിയുടെ മാതാവ് ജയശ്രീബെന്‍ (75) അപ്പാര്‍ട്ട്മെന്റില്‍ ബോധരഹിതയായി കിടക്കുന്ന രീതിയിലാണ് പൊലീസ് കണ്ടെത്തിയത്.

കവിതയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭര്‍ത്താവിന്റെ മുന്‍കാമുകിയുടെ പ്രേതം വേട്ടയാടുന്നത് കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ബുധനാഴ്ച രാവിലെ ആവണി സ്കൈ അപ്പാർട്മെന്റില്‍ വാതില്‍ തകര്‍ത്ത് പൊലീസ് കയറുമ്പോള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ത്രിവേദി. കവിതയും മകളും നിലത്ത് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. ജയശ്രീബെന്നിനെ ഉടന്‍ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ത്രിവേദിയും കുടുംബവും ഫോണ്‍ എടുക്കുന്നില്ലെന്ന് പറഞ്ഞ് ബന്ധുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ത്രിവേദിയുടെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങളെ ഒരു പ്രേതം വേട്ടയാടുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിലും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ത്രിവേദി ഭാര്യയേയും മകളേയും കൊന്ന് ആത്മഹത്യ ചെയ്തതാണോ, അതോ മൂവരും ആത്മഹത്യ ചെയ്തതാണോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനിടെയാണ് കവിതയുടെ കുറിപ്പ് കണ്ടെത്തിയത്.

കുനാല്‍ ത്രിവേദിയും ഭാര്യയും

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് പരിശോധനാ ഫലത്തിനാണ് പൊലീസ് കാത്തിരിക്കുന്നതെന്നും നരോദ പൊലീസ് എസ്ഐ എച്ച്.ബി.വഗേല പറഞ്ഞു. ത്രിവേദിയുടെ മാതാവിനെ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരൂഹമായ ഒന്ന് തങ്ങളെ വേട്ടയാടുന്നുണ്ടെന്നാണ് ത്രിവേദിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. അമ്മയായ ജയശ്രീബെന്നിനെന്ന പേരിലാണ് ത്രിവേദി ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.

‘എല്ലാവരും എന്നെ ഒരു മദ്യപാനിയെന്ന് വിളിച്ചു. എന്റെ നിയന്ത്രണത്തിന് അപ്പുറം ഞാന്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല. ദുരൂഹമായ ഒരു ശക്തി നമ്മളെ പിന്തുടരുന്നുണ്ട്. എന്നാലും അമ്മ എന്നെ മനസ്സിലാക്കിയില്ലല്ലോ. ആദ്യത്തെ ദിനം തന്നെ അമ്മ എന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്റെ ജീവിതം ഇന്ന് മറ്റൊന്ന് ആകുമായിരുന്നു. ആത്മഹത്യ എന്നത് ഒരിക്കലും ഞാന്‍ ചിന്തിച്ച കാര്യമല്ല. ആ ദുരൂഹ ശക്തികളെ കുറിച്ച് പലവട്ടം ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്. പക്ഷെ നിങ്ങള്‍ എന്നെ വിശ്വസിച്ചില്ല’, ആത്മഹത്യാ കുറിപ്പില്‍ ത്രിവേദി എഴുതിയതായി പൊലീസ് പറയുന്നു. തങ്ങള്‍ക്ക് യാതൊരു കടബാധ്യതകള്‍ ഉളളതായും കത്തില്‍ പറഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook