ന്യൂഡല്‍ഹി: 2002ല്‍ സമീര്‍ ഖാന് എന്ന യുവാവ് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആയിരുന്നെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഓട്ടോറിക്ഷാ തൊഴിലാളിയായ സമീര്‍ ഖാനെ ഗുജറാത്ത് പൊലീസാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ ഭീകരവാദ സംഘടനയായ ജൈഷ്-എ-മുഹമ്മദ് അയച്ച ആളാണ് സമീര്‍ ഖാന് എന്നാണ് അന്ന് പൊലീസ് ആരോപിച്ചത്. അക്ഷര്‍ദാം ക്ഷേത്രത്തിന് നേരെ നടന്ന ആക്രമത്തിന് പിന്നാലെയായിരുന്നു സമീര്‍ ഖാനെ വെടിവെച്ച് കൊന്നത്.
സമീര്‍ ഖാന് വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി എച്ച്.എസ് ബേദി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കൊലപാതകത്തില്‍ മോദിക്ക് എതിരെയോ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയോ യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രായായിരിക്കെയുണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ വിശദമായ വാദംകേള്‍ക്കുമെന്ന് സുപ്രിംകോടതി നേരത്തേ അറിയിച്ചിരുന്നു. തുടര്‍ന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു.
2002നും 2006നും ഇടയിലുണ്ടായ വ്യാജഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പമുഖ ചലച്ചത്ര പ്രവര്ത്തകന് ജാവേദ് ആനന്ദ്, അന്തരിച്ച മുതിര്‍ന്ന മലയാളി മാധ്യമപ്രവര്ത്തകന് ബി.ജി വര്‍ഗീസ്, മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി എന്നിവര്‍ നല്കിയ ഒരുകൂട്ടം ഹരജികളാണ് ഇതുസംബന്ധിച്ച് സുപ്രിംകോടതി പരിഗണിച്ചത്.
2007ലാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി വ്യാജഏറ്റുമുട്ടലുകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് 2012ല്‍ പ്രത്യേക സമിതിയെ (എസ്.എഫ്.ടി) നിയോഗിച്ചു. എന്തുകൊണ്ടാണ് ഗുജറാത്തിലെ മോദി സര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്ന് ഓടിയൊളിക്കുന്നതുള്പ്പെടെയുള്ള വിമര്‍ശനമുന്നയിച്ച ശേഷമാണ് ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച്, സമിതിയെ നിയോഗിച്ച് ഉത്തരവിട്ടത്. ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ശ്രമം നടന്നോ എന്നു പരിശോധിക്കാനും സമിതിക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇതുപ്രകാരം നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തുണ്ടായ 17 വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് എച്ച്.എസ് ബേദി അധ്യക്ഷനായ പ്രത്യേക സമിതി 2016ല്‍ സുപ്രിംകോടതിക്കു റിപ്പോര്‍ട്ട് നല്കി.
സമീര്‍ ഖാന് പത്താന്, സാദിഖ് ജമാല്‍, ജോഗീന്ദര്‍ സിങ്, കാസിം ജാഫര്‍ ഹുസൈന് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടില്‍ പൊലിസിനെതിരേ ഗൗരവമുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു17 കേസുകള്‍ അന്വേഷിച്ചാണ് ജസ്റ്റിസ് ബേദി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.