ഇസ്ലാമാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങൾക്ക് മറുപടിയുമായി പാക്കിസ്ഥാൻ രംഗത്ത്. അടിസ്ഥാനരഹിതമെന്നും നിരുത്തരവാദപരമെന്നും ആരോപിച്ചാണ് പാക്കിസ്ഥാൻ മോദിയുടെ ആരോപണം തള്ളിക്കളഞ്ഞത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകൾ കൊണ്ടല്ല സ്വന്തം ശക്തി കൊണ്ട് തിരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമുള്ള മത്സരമാണ് കാഴ്ചവയ്ക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോദി ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് മോദി ആരോപിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

പാക് ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അഷ്റഫ് റഫീഖ് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് മോദി കോണ്‍ഗ്രസിനോട് മോദി വിശദീകരണം ആവശ്യപ്പെട്ടു. മണിശങ്കര്‍ അയ്യര്‍ തന്നെ നീച് എന്ന് വിശേഷിപ്പിച്ചത് പാക് ബന്ധത്തിന് പിന്നാലെയാണെന്നാണ് മോദിയുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook