അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടേറിയിരിക്കുകയാണ്. ജയസാധ്യത മുൻനിർത്തി കോൺഗ്രസ് കൂടുതൽ ശക്തമായി പ്രചരണം നടത്തുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ ജനകീയ നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ സജീവമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറക്കിയിരിക്കുകയാണ് ബിജെപി.

സൗരാഷ്ട്രയിലെ ജസ്‌ദാനിൽ ആദ്യപ്രചാരണത്തെ ഇറങ്ങിയ പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സ്വീകരണം ഗുജറാത്ത് നിയമസഭ പോരാട്ടത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. കോഹ്ലി സമുദായ ഭൂരിപക്ഷ പ്രദേശമായ ജസ്ദാനിൽ മോദിയുടെ പ്രസംഗ വേദിയിലെ ഒഴിഞ്ഞ കസേരകളുടെ വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം അണികൾക്കായി ഒരുക്കിയ 12000 കസേരകളിൽ 800 എണ്ണത്തിലേറെ ഒഴിഞ്ഞുകിടന്നു. എന്നാൽ ഇതേ യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ ബഹുഭൂരിപക്ഷം കസേരകളും ഒഴിഞ്ഞുകിടക്കുന്നതായി കാണാം.

ജസ്‌ദൻ ലോക്‌സഭ മണ്ഡലത്തിനകത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർത്ഥികൾ പങ്കെടുത്ത യോഗത്തിൽ മോദിയുടെ പ്രസംഗത്തിന് തൊട്ടുമുൻപ് ബഹുഭൂരിപക്ഷം കസേരകളും ഒഴിഞ്ഞുകിടന്നതായി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു. ജുനാഗദ്, ജസ്ദൻ, ഗദഡ, ഛോട്ടില, രാജ്കോട്ട് റൂറൽ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളാണ് മോദിക്കൊപ്പം തിരഞ്ഞെടുപ്പ് യോഗത്തിലുണ്ടായത്.


മുഖ്യമന്ത്രി വിജയ്‌ രൂപാനിയുടെ തിരഞ്ഞെടുപ്പ് റാലി

2.28 ലക്ഷം വോട്ടർമാരുള്ള മണ്ഡലമാണ് ജസ്ദൻ. പക്ഷെ ബിജെപിക്ക് ഇവിടെ മൂന്ന് വട്ടം മാത്രമാണ് വിജയം കൈവരിക്കാനായത്. തന്റെ പ്രസംഗത്തിൽ മോദി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. “ഞങ്ങൾക്കെപ്പോഴും നഷ്ടപ്പെട്ട തീവണ്ടിയാണ് ജസ്ദൻ. അറുപത് വർഷത്തെ ചരിത്രത്തിനിടയിൽ മൂന്ന് വട്ടം മാത്രമാണ് ഞങ്ങൾക്കിവിടെ വിജയിക്കാനായത്. ഒരിക്കൽ പോലും നിങ്ങക്ക് കല്ലെറിയാനുള്ള അവസരം ഞങ്ങൾ സൃഷ്ടിച്ചിരുന്നില്ല”, മോദി ജനങ്ങളോട് പറഞ്ഞു.

കോഹ്ലി സമുദായക്കാരനും കോൺഗ്രസിന്റെ മുതിർന്ന നേതാവും മൂന്ന് വട്ടം ഈ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും പിന്നീട് 2009-2014 കാലത്ത് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട കുവർജിഭായി ഭവാലിയയാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. 2.28 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ പേർ കോഹ്ലി സമുദായക്കാരനാണ്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഡോ. ഭരത് ബൊഗ്രയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook