ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വോട്ടെടുപ്പ് ദിനത്തിൽ പ്രധാനമന്ത്രി റോഡ്ഷോ നടത്തിയെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. . മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോഡി നടന്നതും തുറന്ന വാഹനത്തില്‍ അദ്ദേഹം നിന്നു യാത്ര ചെയ്തതുമാണ് വിവാദമായത്. നരേന്ദ്ര മോദിക്കെതിരെ എഫ്ഐആർ എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തി.

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടു ചെയ്തു മടങ്ങിയ മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മോഡി നടത്തിയ ‘റോഡ് ഷോ’ തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗേലോട്ട് ചൂണ്ടിക്കാട്ടി. മോഡി തുറന്ന വാഹനത്തില്‍ യാത്ര ചെയ്തത് ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാലയും ആരോപിച്ചു.

ഇന്നലെ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാർത്താ ചാനലിന് നൽകിയ അഭിമുഖമാണ് രാഹുലിനെ കേസിൽ കുടുക്കിയത്. രാഹുലിന്‍റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ