അഹമ്മദബാദ്: ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച് പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുമായി ധാരണയിലെത്തിയതായി ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഭാരത് സിംഗ് സോളങ്കി പറഞ്ഞു. 24 മണിക്കൂറിനകം സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയിലെത്തണമെന്ന് പാട്ടീദാർ സമിതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ധാരണയിലെത്തിയത്.

അഹമ്മദാബാദില്‍ പട്ടേല്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. എന്നാല്‍ പട്ടേൽ സമുദായംഗങ്ങളെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പട്ടിദാര്‍ സമിതി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ താത്പര്യം അനസരിച്ച് ഇവര്‍ക്ക് സീറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍പേഷ് താക്കൂറും ജിഗ്നേഷ് മേവാനിയും തങ്ങളുടെ പക്ഷത്തുളളവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് സംബന്ധിച്ച് തിങ്കളാഴ്ച്ച ഹാര്‍ദിക് പട്ടേല്‍ അന്തിമ പ്രഖ്യാപനം നടത്തുമെന്ന് പട്ടിദാര്‍ നേതാവ് ദിനേഷ് ബംബനിയ പറഞ്ഞു. തങ്ങളുടെ ആദ്യത്തേയും അവസാനത്തേയും ആവശ്യം സംവരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 182 അംഗ നിയമസഭയിലേക്കുള്ള മത്സരത്തിൽ 30 സീറ്റുകളിൽ തങ്ങൾ നിർദ്ദേശിക്കുന്നവരെ മത്സരിപ്പിക്കണമെന്നാണ് ഹാർദിക് പട്ടേൽ ആവശ്യപ്പെട്ടതെന്നാണ് വിവരം.

രണ്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ചൊവ്വാഴ്ചയാണ്. ഇതിനോടകം ജാതി സമവാക്യങ്ങൾ കണക്കിലെടുക്ക് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കുക കോൺഗ്രസിന് മുന്നിൽ വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ. എന്നാൽ ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ