തങ്ങളുടെ കോട്ടയായ ഗുജറാത്തില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയ ബി ജെ പി, 2017-ല്‍ നഷ്ടപ്പെട്ട ചില സീറ്റുകള്‍ കൂടി തിരിച്ചുപിടിച്ചിരിക്കുകയാണ്.
അഞ്ചു വര്‍ഷം മുമ്പ് 99 സീറ്റിലൊതുങ്ങിയ പാര്‍ട്ടി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീവ്ര പ്രചാരണവും കൃത്യമായ ആസൂത്രണത്തോടെയുള്ള സംഘടനാ തന്ത്രവും കൊണ്ട് 150-ലധികം സീറ്റ് സ്വന്തമാക്കിക്കഴിഞ്ഞു. 127 സീറ്റായിരുന്നു ബി ജെ പിയുടെ ഇതിനു മുന്‍പത്തെ വലിയ നേട്ടം. അതേസമയം, 1985ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുള്ള സഹതാപ തരംഗത്തിന്റെ പിന്‍ബലത്തില്‍ 149 സീറ്റുകളുടെ റെക്കോഡ് സ്വന്തമാക്കിയ കോണ്‍ഗ്രസ് ഗ്രഹണത്തിലേക്കു നീങ്ങുകയാണ്.
അന്നത്തെ ബി ജെ പി സര്‍ക്കാരിനെതിരെ കര്‍ഷക സമൂഹത്തിനിടയില്‍ ശക്തമായ പാട്ടിദാര്‍ പ്രക്ഷോഭവും വ്യാപകമായ അമര്‍ഷവും മുതലെടുക്കാന്‍ വന്‍ പ്രചാരണം നടത്തിയ 2017-ല്‍നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസിന് ഇത്തവണ ഉപയോഗപ്പെടുത്താന്‍ വലിയ ബഹുജന മുന്നേറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ ഭരണവിരുദ്ധത ശക്തമായിരുന്നുമെങ്കിലും അതു മുതലാക്കുന്നതില്‍ കേഡര്‍ക്കിടയില്‍ അലംഭാവുമുണ്ടായി.
സംസ്ഥാനത്ത് സമ്പൂര്‍ണ ആധിപത്യത്തിന്റെ തകര്‍ച്ച, മാറ്റത്തിനായുള്ള കാത്തിരിപ്പ്, കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് കളിക്കുന്നതില്‍ തങ്ങളെ പോലെ തന്നെ പ്രാഗത്ഭ്യം തെളിയിച്ച ആം ആദ്മി പാര്‍ട്ടി (എ എ പി)യുടെ ചടുലത എന്നിവ വ്യക്തമാക്കുന്ന സര്‍വേ ഫലങ്ങളില്‍ ആശങ്കാകുലരായ ബി ജെ പി നേതൃത്വം കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും മുതല്‍ സംസ്ഥാന പ്രസിഡന്റും ഭാരവാഹികളും വരെ എല്ലാവരേയും മാറ്റി സംഘടനയില്‍ നേതൃത്വം സമ്പൂര്‍ണ അഴിച്ചുപണി നടത്തി.
സംഘടനയുടെ കരുത്ത്, ഇതുവരെ പരാജയപ്പെടാത്ത തിരഞ്ഞെടുപ്പ് നേട്ട സംവിധാനം, തന്ത്രങ്ങളുടെ ഫലപ്രാപ്തി, നേതൃത്വത്തിന്റെ സ്ഥായിയായ ജനപ്രീതി എന്നിവയുടെയും സൂചകമാകും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലമെന്നു നേതൃത്വം വിലയിരുത്തി.
വ്യക്തിപ്രഭാവമില്ലാത്ത സംസ്ഥാന നേതൃത്വം കാരണം ഭരണവിരുദ്ധത വികാരം വര്‍ധിച്ചതായി സമ്മതിച്ച പാര്‍ട്ടി, മന്ത്രിസഭയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി. 2017 ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ആനന്ദിബെന്‍ പട്ടേലില്‍നിന്നു മുഖ്യമന്ത്രി പദം ഏറ്റെടുത്ത വിജയ് രൂപാണിക്കു നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. തന്നെ നീക്കം ചെയ്യുന്ന അവസാന നിമിഷം വരെ താന്‍ ഇരുട്ടിലായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ രൂപാണി പറഞ്ഞു.
2020 ജൂലൈയില്‍ നടന്ന നിര്‍ണായക തദ്ദേശഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി, പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള ജിതു വഗാനിയെ മാറ്റി സി ആര് പാട്ടീലിനെ സംസ്ഥാന അധ്യക്ഷനാക്കി. ഭിഖുഭായ് ദല്‍സാനിയയെ മാറ്റി രത്നാകറിനെ സംഘടനാ ജനറല്‍ സെക്രട്ടറിയായതുപോലുള്ള സുപ്രധാന മാറ്റങ്ങളും സംഘടനയിലുണ്ടായി. ദല്‍സാനിയയെ ബിഹാറില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി അനുകമ്പയില്ലാത്ത തീരുമാനം കൈക്കൊണ്ടു. പ്രചോദനം സൃഷ്ടിക്കാത്ത നിയമസഭാംഗങ്ങളെ മാറ്റി ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ പുതുമുഖങ്ങളെ അവതരിപ്പിച്ചു. 41 സിറ്റിങ് എം എല്‍ എമാര്ക്കാണു സീറ്റ് നഷ്ടമായത്.
സംസ്ഥാനത്തെ വോട്ടര്‍മാരുമായുള്ള തന്റെ ബന്ധം പുതുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടപ്പോള്‍, ബൂത്ത് തല തയാറെടുപ്പുകള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുന്‍പ് തന്നെ തമ്പടിച്ചു. മിക്കവാറും ദിവസങ്ങളില്‍ ബൂത്ത് തല പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ അധ്യക്ഷത വഹിച്ച അമിത് ഷാ അവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രചാരണത്തിന്റെ പുരോഗതി സൂക്ഷ്മമായി അവലോകനം ചെയ്യുകയും ചെയ്തതായാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.
”തിരഞ്ഞെടുപ്പ് റാലികള്‍ നടത്താന്‍ പ്രത്യേക സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ പോലും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. വീടുതോറുമുള്ള പ്രചാരണം, പ്രചാരണ സാമഗ്രികള്‍ എന്നിവയെല്ലാം അദ്ദേഹം വിശദമായി അവലോകനം ചെയ്തു. അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങള്‍ മണിക്കൂറുകളോളം നീണ്ട് നേരം പുലരും വരെയാകും,”ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു
ഇത്തവണ ബി ജെ പി കൂടുതല്‍ ശക്തമായി അവതരിപ്പിച്ച മറ്റൊരു തന്ത്രമായിരുന്നു വോട്ടര്‍മാരിലേക്കെത്താനുള്ള പ്രത്യേക പരിപാടികളെന്നു വൃത്തങ്ങള്‍ പറഞ്ഞു. ഇത്തരം പരിപാടികളുടെ ഭാഗമായി പ്രധാനപ്പെട്ട എല്ലാ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായിരുന്നു ഈ പട്ടികയില്‍ മുന്നില്‍. പ്രത്യേക ദിവസങ്ങളില്‍ എല്ലാ നേതാക്കളും ഒരേസമയം തീവ്രമായ പ്രചാരണം നടത്തുന്ന ‘കാര്‍പെറ്റ് ബോംബിങ്’ തന്ത്രവും പാര്‍ട്ടി പ്രയോഗിച്ചു.
ഇത്തവണ റെക്കോഡ് വിജയം ലക്ഷ്യമിട്ടുള്ള ബി ജെ പിയുടെ തന്ത്രങ്ങള്‍ ഫലിച്ചതായാണു വോട്ടെണ്ണല്‍ ഫലം വ്യക്തമാക്കുന്നത്. 2012ലെ 115 സീറ്റ് 2017ല്‍ 99 ആയി (പിന്നീട് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും കോണ്‍ഗ്രസ് വിട്ടവര്‍ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തതോടെ എം എല്‍ എമാരുടെ എണ്ണം 111 ആയി ഉയര്‍ന്നു) കുറഞ്ഞിരുന്നു. 99 സീറ്റ് എന്നത് 1995 നു ശേഷമുള്ള ബി ജെ പിയുടെ ഏറ്റവും താഴ്ന്ന നിലയായിരുന്നു. 2002-ല്‍ 127 സീറ്റും 2007-ല്‍ 117-ഉം കിട്ടിയ ഗുജറാത്തില്‍ ബി ജെ പിയുടെ സീറ്റ് എണ്ണം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുയായിരുന്നു. എങ്കിലും ബി ജെ പിയുടെ വോട്ട് വിഹിതം എപ്പോഴും 50 ശതമാനത്തിനടുത്തായിരുന്നു.