ന്യൂഡൽഹി: വിജയലഹരിയിലാണ് ബിജെപി നേതൃത്വം. ശക്തമായ മൽസരം നടന്ന ഗുജറാത്തിൽ കോൺഗ്രസിന് ഭരണം പിടിക്കാൻ അവസരം കിട്ടാതിരുന്നതോടെ ബിജെപി ആറാം വട്ടവും അധികാരത്തിലേക്ക് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടറി ചിഹ്നം ഉയർത്തിക്കാട്ടിയാണ് പാർലമെന്റിലേക്ക് കടന്നുപോയത്.

ബിജെപി ആസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയാഘോഷം പൊടിപൊടിക്കുകയാണ്. 2012 ൽ 115 സീറ്റുകൾ നേടിയ ബിജെപിക്ക് അഞ്ച് വർഷങ്ങൾക്കിപ്പുറം പതിനഞ്ച് സീറ്റുകളുടെ കുറവ് ഉണ്ടായി.

വീണ്ടുമൊരിക്കൽ കൂടി ഗുജറാത്തിൽ ബിജെപിയെ തന്നെ ഭരണം ഏൽപ്പിച്ചിരിക്കുകയാണ് ജനങ്ങൾ. 99 സീറ്റിൽ മുന്നേറ്റം തുടരുന്ന ബിജെപി ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു സീറ്റിൽ വിജയിച്ചിട്ടുണ്ട്. കോൺഗ്രസിന് 80 സീറ്റുകളിൽ ലീഡുണ്ട്.

എന്നാൽ കോൺഗ്രസിന് ആശ്വസിക്കാൻ ഏറെയുണ്ട് ഗുജറാത്തിൽ. 2014 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ നിലയിൽ നിന്ന് കോൺഗ്രസ് തിരികെ കയറി. ഹിമാചലിൽ തിരികെ ഭരണത്തിലേറിയ ബിജെപി, 43 സീറ്റുകൾ നേടി.

ഇവിടെ 1993 ന് ശേഷം ആദ്യമായി സിപിഎമ്മിന് ഒരു എംഎൽഎയെ ലഭിച്ചു. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും കിസാൻ സഭയുടെ സെക്രട്ടറിയുമായിരുന്ന രാകേഷ് സിംഗയാണ് തിയോഗ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാർത്ഥിയുടെ വിജയം.

ഗുജറാത്തിലേയും ഹിമാചല്‍പ്രദേശിലേയും വിജയം നല്ല ഭരണത്തിനും വികസനത്തിനുമുളള ജനങ്ങളുടെ പിന്തുണയുടെ സൂചനയാണെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി അക്ഷീണമായി പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

‘ബിജെപിയെ അധികാരത്തിൽ എത്തിച്ച ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഞാന്‍ തല കുനിക്കുന്നു. വികസനത്തിന്റെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. സംസ്ഥാനങ്ങളുമായി ചേർന്ന് സുസ്ഥിര വികസനം സാധ്യമാക്കും. സർക്കാരിന്റെ മികച്ച ഭരണത്തിനും വികസന നയങ്ങൾക്കും ജനങ്ങളുടെ പിന്തുണയുണ്ടെന്നാണ് ഫലം തെളിയിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ