ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപ്പിലാകാത്ത വാഗ്‌ദാനങ്ങളെ കളിയാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നടപ്പിലാകാത്ത സ്വപ്നങ്ങൾ നൽകി പാവപ്പെട്ടവരെ മോദി കബളിപ്പിക്കുകയാണ്. 2030 ൽ അമ്പിളി അമ്മാവനെ പിടിച്ച് ഇന്ത്യയിൽ കൊണ്ടുവരുമെന്നാണ് മോദി പറയുന്നതെന്നും രാഹുൽ കളിയാക്കി പറഞ്ഞു.

2022 ൽ ഗുജറാത്തിൽനിന്നും ദാരിദ്ര്യം തുടച്ചുനീക്കുമെന്നാണ് മോദി ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം. 22 വർഷം ഗുജറാത്തിൽ അധികാരത്തിൽ ഇരുന്ന അതേ വ്യക്തിയാണ് ഇത് പറയുന്നത്. ഇനി അദ്ദേഹം അടുത്തതായി പറയാൻ പോകുന്ന കാര്യങ്ങൾ ഇതായിരിക്കും- 2025 ൽ എല്ലാ ഗുജറാത്തികളെയും ചന്ദ്രനിലേക്ക് കൊണ്ടുപോകും. 2028 ൽ എല്ലാവർക്കും ചന്ദ്രനിൽ വീടു നിർമിച്ചു നൽകും. 2030 ൽ മോദിജി ചന്ദ്രനെ ഇന്ത്യയിലേക്ക് പിടിച്ചു കൊണ്ടുവരുമെന്നും രാഹുൽ പരിഹാസരൂപേണ പറഞ്ഞു.

പാവപ്പെട്ട ആദിവാസികൾക്ക് അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ ഗുജറാത്തിലെ ബിജെപി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാജയപ്പെട്ടുവെന്ന് രാഹുൽ പറഞ്ഞു. ”ഇന്നു രാവിലെ ഛോട്ടാ ഉദേപൂരിൽവച്ച് ആദിവാസി വിദ്യാർഥികളെ കണ്ടു. അവരിൽ ഒരു കുട്ടി നിറഞ്ഞ കണ്ണുകളോടെ എന്നോട് പറഞ്ഞു, 5 ലക്ഷം ഫീസ് നൽകിയാൽ മാത്രമേ അവന് ഉപരി പഠനത്തിന് സാധിക്കുകയുളളൂ. ഇതുകേട്ട അവന്റെ അച്ഛൻ പഠിത്തം നിർത്താൻ അവനോട് പറഞ്ഞുവെന്ന്. ഈ കുട്ടിക്ക് വേണ്ടി മോദിക്ക് എന്താണ് ചെയ്യാൻ കഴിയുക?” രാഹുൽ ചോദിച്ചു.

ടാറ്റ മോട്ടേഴ്സിനു സൗജന്യമായി ഭൂമി നൽകിയതിനെയും ദാഹോദിലെ റാലിയിൽ പങ്കെടുക്കവേ രാഹുൽ ചോദ്യം ചെയ്തു. ”സനന്ദിൽ നാനോ കാർ നിർമാണത്തിനായി ടാറ്റ മോട്ടോഴ്സിന് മോദി സൗജന്യമായി ഭൂമി നൽകി. എന്നിട്ട് നിങ്ങൾ ആരെങ്കിലും ഹൈവേയിൽ ഒരു നാനോ കാറെങ്കിലും കണ്ടോ? ഇനി എപ്പോഴെങ്കിലും കാർ നിർമാണം നടക്കുമോ?. യുപിഎ സർക്കാർ തൊഴിൽ നിർമാണത്തിനായി മഹാത്മ ഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്ര് ഗ്യാരന്റി ആക്ട് പദ്ധതി വഴി 35,000 കോടി രൂപ നൽകി. എന്നാൽ മോദി സർക്കാർ കാർ നിർമാണ പ്ലാന്റിനു വേണ്ടിയാണ് 33,000 കോടി നൽകിയത്. നിങ്ങളുടെ ഭൂമിയും വെളളവും നിങ്ങളിൽനിന്നും കവർന്നെടുത്ത് വ്യവസായികൾക്ക് മോദി നൽകുകയാണെന്നും” രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ