ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനത്തിലേറെ പോളിങ്. രാവിലെ മുതൽ മന്ദഗതിയിലാണു വോട്ടെടുപ്പ് നടന്നത്. ഒന്നാംം ഘട്ടത്തിൽ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മത്സരരംഗത്തുള്ളത് 788 സ്ഥാനാര്‍ത്ഥികള്‍.
മന്ത്രിസഭ പുന:സംഘാടനം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തുടര്‍ച്ചയായ ആറാം തവണയും ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. ഭരണകക്ഷിയായ ബിജെപിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ആംആദ്മിയും (എഎപി) കോണ്‍ഗ്രസുമാണ്. ബിജെപിയും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയും തമ്മിലുള്ള മത്സരം സൂറത്തിൽ കടുത്തതാകുമെന്നാണ് വിലയിരുത്തല്‍. സൂറത്തിലെ 12 സീറ്റുകള്‍ ലക്ഷ്യമിട്ട് വലിയ പ്രചാരണങ്ങളാണ് ഇരുപാര്‍ട്ടികളും നടത്തിയത്.
ഇന്നു വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ 2017-ല്‍ ആധിപത്യം ബിജെപിക്കായിരുന്നു. 48 സീറ്റുകളില്‍ വിജയം. കോണ്‍ഗ്രസ് 38 എണ്ണത്തിലും ജയിച്ചു കയറി. രണ്ട് സീറ്റുകള്‍ ഭാരതിയ ട്രൈബല്‍ പാര്‍ട്ടിയും (ബിടിപി) നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ഒന്നിലും വിജയിച്ചു.
48 സീറ്റുകളുള്ള കാർഷിക മേഖലയായ സൗരാഷ്ട്രയിൽ കഴിഞ്ഞ തവണ 19 മണ്ഡലങ്ങള്‍ മാത്രമാണ് ബി ജെ പിക്കു നേടാനായത്. ഇത്തവണ സൗരാഷ്ട്രയില്‍ കൂടുതല്‍ സീറ്റ് നേടുക എന്ന വെള്ളുവിളിയാണു പാര്‍ട്ടിക്കുള്ളത്. 2017-ല്‍ 28 സീറ്റുകളാണ് സൗരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേടിയത്. 13 സീറ്റുകള്‍ കൂടുതല്‍ നേടിയായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൗരാഷ്ട്രയിൽ നിന്നുള്ള 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറുകയോ ഭരണകക്ഷിക്ക് പിന്തുണ നൽകുകയോ ചെയ്തിട്ടുണ്ട്. കുൻവർജി ബവലിയ (ജസ്ദാൻ), പർസോത്തം ശബരിയ (ധ്രംഗധ്ര), ജവഹർ ചാവ്ദ (മാനവാദർ), വല്ലഭ് ധാരാവിയ (ജാംനഗർ റൂറൽ), പ്രവീൺ മാരു (ഗധാദ), ജെ വി കകാഡിയ (ധാരി), സോമ ഗന്ദ പട്ടേൽ (ലിംബ്ഡി), ബ്രിജേഷ് മെർജ (മോർബി), ഭഗവാൻ ബരാദ് (തലാല), ഹർഷാദ് റിബാദിയ (വിശാവാദർ) എന്നിവരാണത്.
1980-കളുടെ മധ്യം മുതൽ പരമ്പരാഗത ബിജെപി അനുഭാവികളായിരുന്ന പാട്ടിദാർ സമുദായത്തിന്റെ പിന്തുണയാണ് 2017-ല്‍ കോൺഗ്രസിന്റെ സൗരാഷ്ട്രയില്‍ മിന്നും വിജയം നേടിയത്. എന്നാൽ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) പദവി ആവശ്യപ്പെട്ട് ബിജെപി സർക്കാരിനെതിരായ പ്രതിഷേധത്തെ തുടർന്ന് സമുദായം അഞ്ച് വർഷം മുമ്പ് കോൺഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു.
ഇത്തവണ അഹമ്മദാബാദ് ജില്ലയിലെ വിരംഗാമിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് ക്വോട്ട പ്രക്ഷോഭ സമര നേതാവ് ഹാർദിക് പട്ടേൽ. ക്വോട്ടാ പ്രക്ഷോഭം വളരെക്കാലമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, പട്ടീദാർ ഇത്തവണ ഭരണകക്ഷിയെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാക്കളും പറയുന്നു.