അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രചാരണ റാലികൾക്ക് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. പട്ടേൽ വിഭാഗം നേതാവ് ഹാർദിക് പട്ടേലിന്റെ റാലിക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നയിക്കുന്ന റോഡ് ഷോകള്‍ക്ക് അനുമതി തേടി ഇരുരാഷ്ട്രീയ പാര്‍ട്ടികളും പൊലീസിനെ സമീപിച്ചിരുന്നു. സുരക്ഷാ കാരണങ്ങളും ക്രമസമാധാന സാധ്യതകളും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കുമെന്ന കാരണവും ചൂണ്ടിക്കാണിച്ചാണ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് അറിയിച്ചു.

ഡിസംബർ പതിനാലിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി പതാൻ, നാദിയാദ് ജില്ലകളിലായിരുന്നു മോദി റാലി തീരുമാനിച്ചിരുന്നത്. അതേസമയം, സംസ്ഥാനത്ത് നാല് റാലികളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നത്. തരാഡ്, വിരാംഗം. സാവ്‌ലി, ഗാന്ധിനഗർ എന്നിവിടങ്ങളിലെ റാലിയിൽ പങ്കെടുക്കാനായിരുന്നു രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 68 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വോട്ടിങ് മെഷീനുകളിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിനിടെ മന്ദഗതിയിലായിരുന്നു പോളിങ് നടന്നത്. 977 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook