ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിര്‍ണായകമാണ്. 2024-ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഗുജറാത്തില്‍ അല്‍പ്പം പോലും പിന്നോട്ട് വലിയാന്‍ പാര്‍ട്ടി ആഗ്രഹിക്കില്ല. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഏകദേശം 50 ശതമാനത്തോളം വോട്ടുവിഹിതവുമുണ്ട്.
സംസ്ഥാനത്ത് ബിജെപിയുടെ സമ്പൂര്‍ണ ആധപത്യമാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നിരുന്നാലും മാറ്റത്തിനായുള്ള ഒരുവിഭാഗത്തിന്റെ താത്പര്യവും ആം ആദ്മിയുടെ കടന്നുവരവും ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളാണ്. ബിജെപിയും കോണ്‍ഗ്രസും മാത്രമുണ്ടായിരുന്ന ഗുജറാത്തിലേക്കാണ് ആം ആദ്മിയുടെ വരവ്. ഇത് ബിജെപിയേക്കാള്‍ ബാധിക്കുക കോണ്‍ഗ്രസിനെയായിരിക്കും. ആം ആദ്മി 12-15 ശതമാനം വോട്ടു നേടുമെന്നും 12 സീറ്റിലെങ്കിലും വിജയിക്കുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ കരുത്ത് തെളിയിക്കുന്നത് കൂടിയാകും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും ബിജെപി ക്യാമ്പ് കരുതുന്നു. അടുത്തിടെയായി നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കൂറ്റന്‍ വിജയങ്ങള്‍, പാര്‍ട്ടി തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്ന രീതി, നേതൃത്വത്തിനുള്ള ജനപ്രീതിയെല്ലാം വിജയത്തിലേക്കുള്ള സൂചനകള്‍ തന്നെയാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തിയെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ ചര്‍ച്ചകള്‍ക്കും മറ്റുമായി സംസ്ഥാനത്ത് ദിവസങ്ങള്‍ ചിലവഴിച്ചിരുന്നു.
കർഷകർക്കിടയിലെ അമർഷം, പ്രത്യേകിച്ച് സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളില്‍, തൊഴിലില്ലായ്മ, നിലവിലെ സംസ്ഥാന നേതൃത്വത്തെക്കുറിച്ചുള്ള അണികള്‍ക്കിടയിലെ ആശങ്ക എന്നിവയാണ് പാര്‍ട്ടിക്ക് തലവേദനയാകുന്ന കാര്യങ്ങള്‍.
മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 130-ലധികം പേര്‍ മരിച്ച സംഭവവും ബിജെപിക്ക് തിരിച്ചടിയാണ്. മോര്‍ബി ഉള്‍പ്പെടുന്ന സൗരാഷ്ട്രയിലും വടക്കന്‍ ഗുജറാത്തിലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനായിരുന്നു ഭൂരിഭാഗം സീറ്റിലും വിജയം.
2012-ല്‍ 115 സീറ്റുകളുണ്ടായിരുന്ന ബിജെപി 2017 തിരഞ്ഞെടുപ്പില്‍ 99-ലേക്ക് ഒതുങ്ങി. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും മറ്റ് രാഷ്ട്രീയ മാറ്റങ്ങളും സീറ്റ് നില 111 ആക്കി മെച്ചപ്പെടുത്താന്‍ ബിജെപിയെ സഹായിച്ചു. 1995-ന് ശേഷം ആദ്യമായായിരുന്നു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന്റെ തിളക്കം കുറഞ്ഞത്. 2002-ല്‍ 127 സീറ്റുകളും 2007-ല്‍ 117 സീറ്റിലുമായിരുന്നു വിജയം.
ഒരുകാലത്ത് സംസ്ഥാനത്ത് ആധിപത്യം ഉണ്ടായിരുന്ന കോണ്‍ഗ്രസിന് 2002-ല്‍ നേടാനാത് 51 സീറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ (2007- 59, 2012-61, 2017 – 77) സീറ്റ് നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനായി. 41 ശതമാനമായി വോട്ടുവിഹിതവും വര്‍ധിച്ചു.