സൂറത്ത്: ഗുജറാത്തില്‍ പത്തുവയസുകാരിയെ ബലാത്സംഗ ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യുവാവിനു വധശിക്ഷ. സൂറത്തിലെ പാണ്ടെസാരയില്‍ നടന്ന സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരനാണു സൂറത്ത് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എന്‍ എ അഞ്ജാരിയ ശിക്ഷ വിധിച്ചത്.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കും പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. പെണ്‍കുട്ടിയുടെ കുടുംബത്തിനു 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മാവന്റെ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി യുവാവിനൊപ്പം നില്‍ക്കുന്നതായി കണ്ടെത്തി.
പലഹാരം വാങ്ങിനല്‍കാമെന്നു പ്രലോഭിപ്പിച്ച് യുവാവ് പെണ്‍കുട്ടിയെ സമീപത്തെ ഭക്ഷണശാലയിലേക്കു കൊണ്ടുപോയതായാണു പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയെ പിന്നീട് ഒരു ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ശേഷം ഇഷ്ടികകൊണ്ട് ഇടിക്കുകയും ചെയ്തുവെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
Also Read: കർഷകരെ കൊലപ്പെടുത്തിയ മന്ത്രിയെ ശിക്ഷിക്കണം; രാഹുൽ ഗാന്ധി ലോക്‌സഭയിൽ
സംഭവത്തിനു പിറ്റേ ദിവസമാണു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചതായി പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. അറസ്റ്റ് നടന്ന് 15 ദിവസത്തിനു ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ വെള്ളിയാഴ്ച വിധിച്ചിരുന്നു.
ശിക്ഷാവിധിയില്‍ തൃപ്തിയുണ്ടെന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജില്ലാ ഗവ. പ്ലീഡര്‍ നയന്‍ സുഖദ്‌വാലയും പറഞ്ഞു. വിധി സമൂഹത്തില്‍ മികച്ച ഉദാഹരമാണമാകുന്നമെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ചിന്തയുള്ളവര്‍ ഭയപ്പെടുമെന്നും സുഖദ്‌വാല പറഞ്ഞു