അഹമ്മദാബാദ്: ദലിത് ആക്റ്റിവിസ്റ്റ് ഭാനുബായി വങ്കറിന്റെ ആത്മഹത്യയെ തുടർന്ന് ഗുജറാത്തിൽ അരങ്ങേറിയ ദലിത് പ്രക്ഷോഭം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. അഹമ്മദാബാദ്, ഗാന്ധിനഗര്‍ പഠാന്‍ എന്നീ നഗരങ്ങള്‍ സ്ഥംഭിച്ചപ്പോള്‍ എംഎല്‍എ ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത് കൂടുതല്‍ രോഷത്തിന് വഴിവെച്ചു.

ദളിത് ആക്ടിവിസ്റ്റ് ആത്മഹത്യ ചെയ്ത പഠാനിൽ പ്രക്ഷോഭകർ റോഡിൽ തീയിട്ടപ്പോൾ. ചിത്രം / ജാവേദ് രാജ

ദലിതരോട് സംഘടിച്ച് പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജിഗ്നേഷ് മേവാനിയെ  കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞപ്പോള്‍.  തന്നെ പൊലീസുകാര്‍ കാറില്‍ നിന്നും വലിച്ചിറക്കിയത് ‘അത്യന്തം അപരിഷ്‌കൃതമായ രീതിയില്‍’ ആണെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു. 

ദലിത് കുടുംബങ്ങൾക്ക് ഭൂമി ആവശ്യപ്പെട്ട് സമരം ചെയ്യുകയായിരുന്ന വങ്കർ കഴിഞ്ഞ ദിവസമാണ് പഠാനിലെ ജില്ല കളക്ടറേറ്റിന് മുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്തത്. വങ്കറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഉയര്‍ന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ദലിത് കുടുംബങ്ങൾക്ക് ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.

റവന്യൂ ക്ലര്‍ക്ക് ആയി പിരിഞ്ഞ വങ്കര്‍ (61) 2016 ജൂലൈയില്‍ ഉനയില്‍ നടന്ന ദലിത്‌ പ്രക്ഷോഭത്തിന് ശേഷം മേവാനി നയിക്കുന്ന ദലിത്‌ അധികാര്‍ മഞ്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പൊലീസുമായി സഹകരിക്കാത്തതിനാലാണ് മേവാനിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ ജെകെ ഭട്ട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ” സമാധാനപരമായാണ് പ്രതിഷേധം നടത്തുക എന്ന് മിക്ക ദലിത് നേതാക്കളും ഉറപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ മേവാനി അങ്ങനെയൊരു ഉറപ്പ് നല്‍കിയില്ല.” ജെകെ ഭട്ട് പറഞ്ഞു.

നഗരത്തില്‍ രണ്ട് കമ്പനി റാപിഡ് ആക്ഷന്‍ ഫോഴ്സിനെയും മൂന്ന് കമ്പനി സ്റ്റേറ്റ് പൊലീസിനേയും വിന്യസിപ്പിച്ചിട്ടുണ്ട്. ” സരങ്ങ്പൂരിലെ അംബേദ്‌കര്‍ പ്രതിമയ്ക്ക് മുന്നില്‍ സമാധാനമായി പ്രതിഷേധിക്കാന്‍ ചെന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് വാര്‍ത്ത പറയുന്നതിന് പിന്നാലെ പല സ്ഥലത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പഠാന്‍, ഗാന്ധിനഗര്‍, മെഹ്സാനാ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ്‌ തടസ്സപ്പെടുത്തി. വദജില്‍ പ്രതിഷേധക്കാര്‍ കാറിന് തീയ്യിട്ടു.

അതിനിടയില്‍ വങ്കറിന്‍റെ ആത്മഹത്യയില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജ് അടങ്ങുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ