ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ഗുജറാത്തില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ആരോപണത്തോടെയാണ് എംഎല്‍എ കൂടിയായ ആശാബെന്‍ പട്ടേല്‍ രാജി വെച്ചത്. മെഹ്സാന ജില്ലയിലെ ഉന്‍ജ നിയമസഭാ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എ ആണ് ആശ.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ആശ രാജിക്കത്ത് എഴുതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയാണ് ആശ കത്ത് തയ്യാറാക്കിയിരിക്കുന്നത്. ‘സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 10 ശതമാനം സംവരണം നല്‍കുമ്പോള്‍ വിവിധ ജാതിക്കാര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം’ എന്ന് രാജിക്കത്തില്‍ പറയുന്നു.

നിയമസഭയില്‍ നിന്നും രാജിവെച്ചുളള കത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് ശനിയാഴ്ച്ച രാവിലെ ആശ നല്‍കി. സ്പീക്കര്‍ രാജി സ്വീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനഗരമായ വടനഗര്‍ ഉന്‍ജാ നിയമസഭാ മണ്ഡലത്തിന് കീഴില്‍ വരുന്നതാണ്. 2017ല്‍ പട്ടേല്‍ സംവരണ സമരം ശക്തമായിരുന്ന സമയത്താണ് നാരായണ്‍ ലാലു പട്ടേലിനെ തോല്‍പിച്ച് ആശ വിജയിച്ചത്.

പാര്‍ട്ടിക്ക് അകത്തെ പോരും അവഗണനയും കാരണമാണ് പാര്‍ട്ടി വിടുന്നതെന്ന് ആശ പറഞ്ഞു. ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് മണ്ഡലത്തിലെ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം വ്യക്തിപരമായ നേട്ടത്തിനാണ് ആശ പാര്‍ട്ടി വിട്ടതെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമിത് ചൗധ പറഞ്ഞു. ഇന്നലെ വരെ ആശ പാര്‍ട്ടിയെ പ്രതിനിധീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ