അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ജവഹര്‍ ചാവ്ദ രാജിവച്ചു. മനവാദര്‍ എംഎല്‍എയാണ് ഇദ്ദേഹം. ചാവ്ദ രാജിവച്ചതോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം 73 ആയി ചുരുങ്ങി.
ഫെബ്രുവരി മൂന്നിന് ഗുജറാത്തിലെ ഉന്‍ജയില്‍ നിന്നുള്ള വനിതാ എംഎല്‍എ ആശ പട്ടേല്‍ രാജിവച്ചതിനു ശേഷം കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മൂന്നാമത്തെ എംഎല്‍എ കൂടിയാണ് ജവഹര്‍ ചാവ്ദ. സ്പീക്കര്‍ രാജേന്ദ്ര ദ്വിവേദിക്ക് ചാവ്ദ രാജിക്കത്ത് കൈമാറി. ചാവ്ദ വീട്ടിലെത്തി രാജിക്കത്ത് കൈമാറിയെന്നും രാജിക്കു കാരണം വ്യക്തമാക്കിയിട്ടില്ലെന്നും സ്പീക്കര്‍ ദ്വിവേദി പ്രതികരിച്ചു. അടുത്തയാഴ്ച സംസ്ഥാനത്തുവച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ചാവ്ദ രാജിവച്ചിരിക്കുന്നത്.
മനവാദറില്‍ നിന്ന് നാല് തവണ എംഎല്‍എയായ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവാണ് ചാവ്ദ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കന്‍വര്‍ജി ബവാലിയ എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ശക്തമായ നേതൃത്വം കോണ്‍ഗ്രസിന് ഇല്ലെന്ന് ആരോപിച്ചായിരുന്നു ആശാ പട്ടേല്‍ എംഎല്‍എ സ്ഥാനം രാജിവച്ച് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്. മോദിയുടെ ജന്മസ്ഥലത്ത് ബിജെപിയുടെ സിറ്റിങ് എംഎല്‍എയെ പരാജയപ്പെടുത്തിയാണ് ആശാ എംഎല്‍എയായത്.