ഗാന്ധിനഗര്‍: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെതിരെ തീവ്രവാദ ബന്ധ ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലിനു അടുത്തിടെ പിടിയിലായ തീവ്രവാദ ബന്ധമുള്ള യുവാവുമായി ബന്ധമുണ്ടെന്നാണ് രൂപാനി ആരോപിച്ചിരിക്കുന്നത്.
ഗുജറാത്തിൽ അടുത്തിടെ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള രണ്ട് പേരിലൊരാൾ അഹമ്മദ് പട്ടേൽ ട്രസ്റ്റിയായ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു. തുടർന്നാണ് അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രൂപാനി രംഗത്തെത്തിയിരിക്കുന്നത്.
ഭാറൂച്ച് ജില്ലയിലെ അങ്ക്ലേശ്വറിലാണ് സര്‍ദാര്‍ പട്ടേല്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 2014 വരെ ഈ ആശുപത്രിയുടെ ട്രസ്റ്റിയായിരുന്നു അഹമ്മദ് പട്ടേല്‍. രൂപാണിയുടെ ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. സമാധാന പ്രിയരായ ഗുജറാത്തികളെ വിഭജിക്കരുതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.