അഹമ്മദാബാദ്: ഗുജറാത്തില്‍ പരീക്ഷാ ഹാളില്‍ വെച്ച് സെല്‍ഫിയെടുത്ത പന്ത്രണ്ടാം ക്ലാസുകാരനെ രണ്ട് വര്‍ഷത്തേക്ക് പരീക്ഷാ ബോര്‍ഡിന്റെ വിലക്ക്. 17 വയസുകാരന് സെല്‍ഫി എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലാണ് ബോര്‍ഡ് അധികൃതര്‍ കണ്ടത്.
പരീക്ഷ തുടങ്ങി അല്പസമയം കഴിഞ്ഞപ്പോഴാണ് പിറകില്‍ ഒളിപ്പിച്ച് വെച്ചിരുന്ന മൊബൈല്‍ ഫോണെടുത്ത് ആണ്‍കുട്ടി സെല്‍ഫി എടുത്തത്. പരീക്ഷാ ഹാളുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് 2014 മുതല്‍ പരീക്ഷാ ബോര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കുട്ടിയുടെ പ്രവൃത്തി ബോര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്.
എന്നാല്‍ കോപ്പി അടിക്കാന്‍ വേണ്ടി കുട്ടി ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബോര്‍ഡ് കണ്ടെത്തി. സെല്‍ഫി എടുക്കാന്‍ വേണ്ടി മാത്രമാണ് ഫോണ്‍ പരീക്ഷാഹാളില്‍ ഉപയോഗിച്ചത്. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ ഈ വര്‍ഷം എഴുതിയ എല്ലാ പേപ്പറിലും ആണ്‍കുട്ടി തോറ്റതായും കണ്ടെത്തി. പിന്നീട് 2019 മാര്‍ച്ച് വരെ പരീക്ഷകളില്‍ നിന്നും പന്ത്രണ്ടാം ക്ലാസുകാരന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് താന്‍ സെല്‍ഫി എടുത്തതെന്നും എന്നാല്‍ താന്‍ ചിത്രം അപ്ലോഡ് ചെയ്തില്ലെന്നും ആണ്‍കുട്ടി വെളിപ്പെടുത്തി. സംസ്ഥാനത്തെ 60,000 പരീക്ഷാ ഹാളുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം നടത്തിയ പരിശോധനയില്‍ പന്ത്രണ്ടാം ക്ലാസുകാരായ 850 പേര് നിയമലംഘനം നടത്തിയതായി കണ്ടെത്തി. പത്താം ക്ലാസില്‍ പഠിക്കുന്ന 1,150 പേര് നിയമം ലംഘിച്ചതായും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി.