ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവച്ച് നഗരം മോടി പിടിപ്പിക്കാനൊരുങ്ങി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി മതില്‍ പണിയാനാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തെ ഇന്ദിര ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന റോഡിനരികിലാണ് മതിൽ പണിയുന്നത്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് റോഡ്‌ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള വഴിയിലെ ചേരിപ്രദേശമാണ് മുനിസിപ്പൽ കോർപ്പറേഷൻ മറയ്ക്കുന്നത്. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.

വിമാനത്താവളത്തിനും മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിനും ചുറ്റുമുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള റോഡിൽ അരകിലോമീറ്ററിലധികം നീളവും ആറ് മുതൽ ഏഴ് അടി വരെ ഉയരവുമുള്ള മതിലാണ് പണിയുന്നത്.

Read More: ‘ഭഗത് സിങ്ങിനെയും മറ്റ് വിപ്ലവകാരികളെയും രക്ഷിക്കാൻ ഗാന്ധിജി ശ്രമിച്ചില്ല’

”ചേരി പ്രദേശത്ത് 600 മീറ്റര്‍ നീളത്തില്‍ 6-7 അടി ഉയരമുള്ള മതിലാണ് പണിയുന്നത്,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന എഎംസി ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസംഖ്യ 2,500ലേറെയാണ്. 500ൽ അധികം വീടുകളും ഇവിടെയുണ്ട്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സബർമതി റിവർ‌ഫ്രണ്ട് സ്ട്രെച്ചിനൊപ്പം വലിയ ഈന്തപ്പനകളും മുനിസിപ്പല്‍ കോര്‍പ്പറേഷൻ നടുന്നുണ്ട്.

2017 ലെ പന്ത്രണ്ടാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലും അതേ വർഷം വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലും പങ്കെടുക്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെയും ഭാര്യ അക്കി അബെയുടെയും രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശന സമയത്തും സമാനമായ സൗന്ദര്യവൽക്കരണം നടന്നിരുന്നു.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തന്നെ വരവേൽക്കാൻ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞിരുന്നു. അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ മോട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം വരെ റോഡ്ഷോ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook