അഹമ്മദാബാദ്: കാർഷികമേഖലയിലെ തകർച്ചയും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും ആണ് ഗുജറാത്തിലെ ഭരണ പാർട്ടിയായ ബിജെപിക്കെതിരായ വോട്ടായി മാറിയ രണ്ട് ഘടകങ്ങളെന്ന് ചീഫ് സെക്രട്ടറി ജെ.എൻ.സിങ് അഭിപ്രായപ്പെട്ടു. ആ രണ്ട് വിഭാഗങ്ങളുടെയും വികാരം ബിജെപിക്കെതിരായി ശക്തമായി വന്നത് നിയമസഭാ തിരഞ്ഞെടുപ്പിലാണ്. അവർ അവരുടെ പ്രതിഷേധവും അസ്വസ്ഥതയും ഭരിക്കുന്ന പാർട്ടിയെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഗുജറാത്ത് ചീഫ് സെക്രട്ടറി പറഞ്ഞു. അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (എഇപിസി) റീജ്യണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ വളരെ, വളരെ ശക്തമായി വന്നത് ഈ രണ്ട് വിഷയങ്ങളാണ്. കാർഷികമേഖലയിലെ തകർച്ച ഗുജറാത്തിലെമ്പാടുമുണ്ട്. പ്രത്യേകിച്ച് സൗരാഷ്ട്ര മേഖലയിൽ ഇത് ഭരിക്കുന്ന പാർട്ടിക്കെതിരായ പ്രതിഷേധ വോട്ടായി മാറി. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചത്? അവർക്ക് ഗുണപരമായതല്ലെന്ന ഒരു വികാരമായി മാറിയത് എന്തുകൊണ്ടാണ്. രണ്ടാമത്തെ ഘടകം തൊഴിലില്ലായ്മയാണ്.

എഇപിസിയുടെ വരവ് വസ്ത്രമേഖലയിൽ ഉണർവ് നൽകുമെന്ന് പ്രതീക്ഷയുണ്ട്. വസ്ത്രമേഖലയിൽ ശക്തമായ കുതിപ്പുണ്ടാകും. തൊഴിലില്ലായ്മ വിഷയം ഗൗരവമായി എടുക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കപ്പലണ്ടി, പരുത്തി മേഖലയിലെ താങ്ങുവില, വിളകൾക്കുളള വായ്പകൾ എന്നിവയുടെ പേരിലൊക്കെയുളള പ്രശ്നങ്ങൾ കാർഷികമേഖലയിൽ ദുരിതം വിതച്ചുവെന്ന് ചീഫ് സെക്രട്ടറി സമ്മതിക്കുന്നുണ്ട്. വസ്ത്ര നിർമ്മാണ മേഖലയെയും നെയത്ത് മേഖലയും ശക്തിപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു

ബിജെപി ഈ തിരഞ്ഞെടുപ്പിൽ നേടിയത് 99 സീറ്റാണ്. 2012 ൽ ആകെയുളള 182 സീറ്റിൽ 115 സീറ്റ് നേടിയിരുന്നു. ഇത്തവണ 150 ലേറെ സീറ്റുകളാണ് ബിജെപി നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നൂറിൽ താഴെയായി ബിജെപിയുടെ സീറ്റുകൾ. കോൺഗ്രസ് 78 സീറ്റ് നേടി. ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചത് സൗരാഷ്ട്ര മേഖലയിലായിരുന്നു. ഈ മേഖലയിലെ 48 സീറ്റുകളിൽ കോൺഗ്രസ് 28 സീറ്റ് നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 19 സീറ്റുകൾ മാത്രമാണ്. 2012 ൽ 48ൽ 30 സീറ്റും ബിജെപിയാണ് നേടിയിരുന്നത്. കോൺഗ്രസ് വെറും 15 സീറ്റിൽ ഒതുങ്ങിയിരുന്നു. അവിടെ നിന്നും കോൺഗ്രസ്സ് ഈ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ ഏകദേശം ഇരട്ടിയോളം വർധനയുണ്ടാക്കിയപ്പോഴാണ് ബിജെപിയുടെ സീറ്റുകളുടെ എണ്ണം 19 ആയി ചുരുങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook