scorecardresearch

ഗുജറാത്ത് ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയായി ചര്‍മ മുഴ രോഗം; ചത്തത് മൂവായിരത്തിലേറെ കന്നുകാലികൾ

രോഗം ബാധിച്ച് 3,268 കന്നുകാലികളാണ് ഇതുവരെ ചത്തത്. 23 ജില്ലകളിലായി 3,775 ഗ്രാമങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തു

ഗുജറാത്ത് ക്ഷീരമേഖലയ്ക്ക് വെല്ലുവിളിയായി ചര്‍മ മുഴ രോഗം; ചത്തത് മൂവായിരത്തിലേറെ കന്നുകാലികൾ

അഹമ്മദാബാദ്: ഗുജറാത്തില്‍ ചര്‍മ മുഴ രോഗം (ലംപി സ്‌കിന്‍ ഡിസീസ്-എല്‍ എസ് ഡി) ബാധിച്ച് ചത്ത കന്നുകാലികളുടെ എണ്ണം 3,268 ആയി. ഇന്നു മാത്രം 108 കന്നുകാലികള്‍ ചത്തു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്നു 109 പുതിയ ഗ്രാമങ്ങളില്‍ വൈറസ് പടര്‍ന്നു. ഇതോടെ 23 ജില്ലകളിലായി മൊത്തം രോഗബാധിത ഗ്രാമങ്ങളുടെ എണ്ണം 3,775 ആയി. ഇന്നു കച്ചിലാണ് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ചത്തത്, 31 എണ്ണം. ബനസ്‌കന്തയിലും 21 ഉം രാജ്കോട്ടില്‍ 13 ഉം കാലികള്‍ ചത്തു.

ബനസ്‌കാന്ത (1,078 കേസുകള്‍), രാജ്‌കോട്ട് (298), ദേവഭൂമി ദ്വാരക (239), പാടാന്‍ (217) എന്നിവിടങ്ങളിലാണു പുതിയ എല്‍ എസ് ഡി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തുടനീളം 86,000 കന്നുകാലികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. സജീവ കേസുകള്‍ 22,218 ആണ്. 37.25 ലക്ഷം കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്്പ് നല്‍കിയിട്ടുണ്ട്.

പശുക്കള്‍ക്കും എരുമകള്‍ക്കും മാത്രമാണ് ചര്‍മമുഴ രോഗ സാധ്യതയുള്ളത്. പാലുല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയും കുറയുന്നതിന് കാരണമാകും. കാപ്രിപോക്‌സ് വൈറസ് ഇനത്തിലെ എല്‍ എസ് ഡി വൈറസുകളാണ് രോഗത്തിനു കാരണമാകുന്നത്. രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളായ കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍ തുടങ്ങിയാണു വൈറസുകളെ പടര്‍ത്തുന്നത്.

രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്കു പാല്‍ വഴിയും രോഗം പകരാന്‍ സാധ്യതയുണ്ട്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരും.

രോഗാണുബാധയേറ്റ് നാലു മുതല്‍ 14 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനി, മെലിച്ചില്‍, വായില്‍നിന്ന് ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കണ്ണില്‍നിന്നും മൂക്കില്‍ നിന്നും സ്രവങ്ങള്‍, പാലുത്പാദനം കുറയല്‍, ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ട്, കഴല വീക്കം എന്നിവയാണു രോഗലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ രണ്ടു മുതല്‍ അഞ്ചു വരെ സെന്റിമീറ്റര്‍ വരെ വലുപ്പത്തില്‍ വൃത്താകൃതിയില്‍ മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്റെ അടിഭാഗത്തും വായിലും അന്നനാളത്തിലും ശ്വസനനാളിയിലുമെല്ലാം മുഴകളുണ്ടാവാം. ഇത് ചിലപ്പോള്‍ ശ്വസനതടസം, ന്യൂമോണിയ, തീറ്റ കഴിക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും.

1949ല്‍ ദക്ഷിണാഫ്രിക്കയില്‍ മാത്രം 80 ലക്ഷത്തിലധികം കന്നുകാലികളെ ബാധിച്ച രോഗം ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയതു 2019 ഓഗസ്റ്റില്‍ ഒഡിഷയിലായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gujarat cattle dead lumpy skin disease toll rises