അഹമ്മദാബാദ്: മദ്യരഹിത സംസ്ഥാനമായ ഗുജറാത്തില്‍ മദ്യക്കടത്ത് വ്യാപകമാവുന്നതിനിടെ പിടിമുറുക്കി സംസ്ഥാന സര്‍ക്കാര്‍. മദ്യത്തിന് മൂന്ന് മടങ്ങ് അധികമാണ് സര്‍ക്കാര്‍ നികുതി ചുമത്തിയിരിക്കുന്നത്. ചില രോഗാവസ്ഥയിലുളളവര്‍ക്ക് മദ്യം വാങ്ങാന്‍ സംസ്ഥാനത്ത് അനുമതിയുണ്ട്. ഇതില്‍ പല രോഗാവസ്ഥകള്‍ ഉള്ളവരേയും മദ്യം വാങ്ങാന്‍ അര്‍ഹരായ പട്ടികയില്‍ നിന്നും എടുത്തുകളഞ്ഞു.

ഇതോടെ സംസ്ഥാനത്തെ മദ്യവില്‍പന കുത്തനെ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനം ഇടിവാണ് മദ്യവില്‍പനയില്‍ ഉണ്ടായത്. വിനോദസഞ്ചാരമേഖലയ്ക്ക് ഗുണം ചെയ്യാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്പിരിറ്റ്, വൈന്‍ എന്നിവയ്ക്ക് മൂന്ന് മടങ്ങ് അധികം നികുതി ചുമത്തിയാണ് സര്‍ക്കാര്‍ നടപടി എടുത്തത്. 106 കോടി രൂപ വരുമാനം ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍ക്ക് 1500 മുതല്‍ 6000 രൂപ വരെയാണ് ഗുജറാത്തില്‍ വില. ബിയറിന് 240 രൂപയാണ് ഇപ്പോഴത്തെ വില.

നേരത്തേ 6,000 രൂപയോളം വിലയുണ്ടായിരുന്ന പ്രീമിയം വിസ്കികള്‍ക്ക് 14,000 രൂപയോളമാണ് വില. വില ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗത്തിന്റെ ഇടപെടലും മദ്യവില്‍പനയെ കാര്യമായി ബാധിച്ചു. ശരീരവേദന, ഉത്കണ്ഠ, കഠിനമായ തലവേദന, ഉറക്കമില്ലായ്മ എന്നീ ബുദ്ധിമുട്ടുകളുളള ഗുജറാത്ത് സ്വദേശികള്‍ക്ക് മദ്യം നല്‍കാമെന്ന നേരത്തേയുളള അനുമതിയും ആരോഗ്യവിഭാഗം എടുത്തുകളഞ്ഞു. അതേസമയം 40 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയുണ്ട്.

കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂര്‍, സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനി, പട്ടിദാര്‍ നേടാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരുടെ മദ്യവിരുദ്ധ ക്യാംപെയിനുകളാണ് സര്‍ക്കാരിനെ നടപടിക്ക് നിര്‍ബന്ധിതരാക്കിയത്. അറുപത് വര്‍ഷമായി മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മഹാത്മാ ഗാന്ധിയുടെ ജന്മനാടായതിനാലാണ് ഗുജറാത്തില്‍ മദ്യം നിരോധിച്ചത്. എന്നാല്‍ അനധികൃത മദ്യ വില്‍പന ഇവിടെ തകൃതിയാണ്.

പുറത്ത് നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് മദ്യം വാങ്ങാന്‍ ഹോട്ടല്‍ മാനേജര്‍മാര്‍ക്ക് താത്കാലിക പെര്‍മിറ്റുണ്ട്. ചുരുക്കം ഹോട്ടലുകളില്‍ മാത്രമായിരുന്നു നേരത്തെ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്. ഇപ്പോള്‍ മദ്യം വില്‍ക്കുന്ന ഹോട്ടലുകളുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook