ബറൂച്ച്: രാജസ്ഥാനിലെ അജ്മീർ ദര്‍ഗയില്‍ 2007 ൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മലയാളി പിടിയിൽ. സുരേഷ് നായര്‍ എന്നാണ് പിടിയിലായ മലയാളിയുടെ പേര്. ഇയാൾ കോഴിക്കോട് സ്വദേശിയാണ്. ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അജ്മീർ ദർഗയിൽ സ്ഫോടനത്തിനായി ഉപയോഗിച്ച ബോംബ് എത്തിച്ചത് മലയാളിയായ സുരേഷ് നായരാണെന്നാണ് എടിഎസ് കണ്ടെത്തിയത്. സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ എൻഐഎ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് അജ്‌മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നീ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സുരേഷ് നായർ പിടിയിലായതോടെ ഒളിവിലുളള പ്രതികളെ കണ്ടെത്താനാകുമെന്നാണ് എടിഎസ് സ്ക്വാഡിന്റെ വിശ്വാസം.

ആര്‍എസ്എസ് നേതാവ് അസീമാനന്ദ് സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അസീമാനന്ദയ്ക്ക് പുറമെ സുനിൽ ജോഷിയാണ് സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ ആർഎസ്എസ് നേതാവ്. കേസിൽ അറസ്റ്റിലായ മുഖ്യ പ്രതികളിലൊരാളായ ദേവേന്ദ്ര ഗുപ്തയാണ് ഇവർക്കെതിരെ മൊഴി നൽകിയത്. പക്ഷെ അസീമാനന്ദയെ പിന്നീട് കോടതി തെളിവില്ലെന്ന കാരണത്തിൽ കുറ്റവിമുക്തനാക്കി. 2010 ഒക്ടോബറില്‍ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് 2011 ലാണ് എന്‍ഐഎ ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook