ന്യൂഡല്‍ഹി: കണ്ണ് തുറന്ന് ജനിച്ചുവീണതിനാല് ഭാരതത്തിലെ പൗരന്മാര് പച്ചക്കറികള്‍ മാത്രമേ കഴിക്കാവൂ എന്ന വിചിത്രവാദവുമായി ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദിലെ ശ്രീ നാരായണ കള്‍ച്ചറല്‍ മിഷന് പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ഒരിക്കലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കരുതെന്നും അത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും ത്രിവേദി വിദ്യാര്‍ഥികളോട് പറഞ്ഞു. കണ്ണ് തുറന്നുകൊണ്ട് ജനിച്ചുവീണ എല്ലാവരും വെജിറ്റേറിയന്‍ ആണെന്നും കണ്ണ് അടച്ചുകൊണ്ട് ജനിച്ചുവീണവര്‍ നോണ്‍ വെജിറ്റേറിയന്‍ ആണെന്നുമാണ് ബിജെപി നേതാവിന്റെ വാദം. മത്സ്യമാംസാദികൾ കഴിക്കില്ല എന്ന് വിദ്യാർഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.
“ഇന്ത്യയുടെ സംസ്കാരം അനുസരിച്ച് നമ്മള് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കണം. നമ്മള് പച്ചക്കറികള്‍ മാത്രമേ കഴിക്കാവൂ. നമ്മുടെ ഋഷി-മുനിമാര്‍ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്. ജനിച്ചുവീഴുമ്പോള്‍ കണ്ണ് തുറന്നിരിക്കുന്നവരാണ് മനുഷ്യര്‍. അതുകൊണ്ട് അവര്‍ സസ്യഭുക്കുകളായിരിക്കണം. സിംഹവും പുലിയുമൊക്കെ കണ്ണടച്ചാണ് ജനിച്ചുവീഴുക. അവര്‍ മാംസഭുക്കുകളാണ്. പ്രകൃതിയാണ് ഇക്കാര്യം നമ്മളെ പഠിപ്പിക്കുന്നത്” ബിജെപി നേതാവ് പറഞ്ഞു.