അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ ‌സ്‌പീക്കറുടെ കസേരയിൽ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. ചിത്രം പുറത്തുവന്നതോടെ സംഭവത്തിൽ സ്‌പീക്കർ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടു.

ഗുജറാത്ത് നിയമസഭയിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിൽ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം ഇല്ലാതിരുന്ന സമയത്ത് യുവാവ് ആരും കാണാതെ അകത്ത് കടക്കുകയായിരുന്നു. ഇയാൾക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം. സുഹൃത്താണ് ചിത്രം പകർത്തിയതെന്നാണ് വിവരം.

യുവാവ് സ്‌പീക്കറുടെ കസേരയിലും എംഎൽഎയുടെ കസേരയിലും ഇരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. നിയമസഭയ്ക്കുളളിൽനിന്നും പകർത്തിയ സെൽഫിയും പുറത്തുവന്നവയിൽ ഉണ്ട്. മാർച്ച് 28 ന് ബജറ്റ് സമ്മേളനം അവസാനിച്ചശേഷമാണ് യുവാവ് നിയമസഭയിൽ കയറി ചിത്രങ്ങൾ പകർത്തിയത്.

അതേസമയം, സംഭവത്തിൽ സ്‌പീക്കർ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടതായി അസംബ്ലി സെക്രട്ടറി ഡി.എം.പട്ടേൽ പറഞ്ഞു. ‘സ്‌പീക്കർക്ക് അല്ലാതെ മറ്റാർക്കും കസേരയിൽ ഇരിക്കാൻ അനുവാദം ഇല്ല. നിയമസഭയുടെ പ്രധാന കവാടത്തിലൂടെ എംഎൽഎമാർക്കും ഉദ്യോഗസ്ഥർക്കും മാത്രമേ കടക്കാൻ അനുവാദമുളളൂ. ഇത് സുരക്ഷാ വീഴ്ചയാണ്. യുവാവ് നിയമസഭയ്ക്ക് അകത്ത് കടന്ന് ചിത്രങ്ങൾ പകർത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്’ പട്ടേൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ