ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വൈകീട്ട് അഞ്ചു വരെ 58.38 ശതമാനംപോളിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദബാദി സിറ്റി റാണിപിലെ സ്കൂളിൽ വോട്ട് ചെയ്തു.
വടക്ക്, മധ്യ മേഖലകളിലുള്ള 14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടന്നത്. ഈ പ്രദേശങ്ങളില്‍ കൂടുതലും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. പട്ടിദാര്‍ ആധിപത്യമുള്ള ചില സ്ഥലങ്ങളുമുണ്ട്. 2.51 കോടി വോട്ടര്‍മാരാണ് 93 മണ്ഡലങ്ങളിലായുള്ളത്. 833 സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ഗോധയിലുണ്ട്. ഇതില്‍ 764 പേരും പുരുഷന്മാരാണ്. 69 സ്ത്രീകള്‍ മാത്രമാണ് മത്സരിക്കുന്നത്.
89 സീറ്റുകളിലായി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിങ് 66 ശതമാനം മാത്രമായിരുന്നു. 2017-ലെ തിരഞ്ഞെടുപ്പില്‍ ഇത് 68 ശതമാനമായിരുന്നു.
ഇത്തവണ ഗുജറാത്തില്‍ ബിജെപി വെല്ലുവിളി നേരിടുന്നത് കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല. അരവിന്ദ് കേജ്രിവാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടിയും സജീവമായി തിരഞ്ഞെടുപ്പിലുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം ആംആദ്മിക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
അഹമ്മദാബാദ് നഗരത്തിലെ ബാപ്പുനഗർ മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനര്‍ഥികളുള്ളത്, 29. സബർകാന്ത ജില്ലയിലെ ഇദാർ സീറ്റിൽ മൂന്ന് മത്സരാർത്ഥികൾ മാത്രമാണുള്ളത്.
വോട്ടര്‍മാര്‍ ഏറ്റവുമധികമുള്ളത് ബാപ്പുമനഗറിലും കുറവ് ഘട്‌ലോഡിയയിലുമാണ്. രണ്ടാം ഘട്ട സീറ്റുകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ, അഹമ്മദാബാദ് നഗരത്തിലെ ദരിയാപൂർ ഏറ്റവും ചെറിയ സീറ്റാണ്, അതേസമയം പടാൻ ജില്ലയിലെ രാധൻപൂർ ഏറ്റവും വലിയ മണ്ഡലമാണ്.
2017-ല്‍ രണ്ടാം ഘട്ടത്തില്‍ 51 സീറ്റുകളില്‍ ബിജെപിക്കായിരുന്നു വിജയം. 39 മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണ് ജനം തുണച്ചത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ഘട്‌ലോദിയ), പാട്ടിദാർ യുവനേതാവ് ഹാർദിക് പട്ടേൽ (വിരാംഗം), ഒബിസി നേതാവ് അൽപേഷ് താക്കൂർ (ഗാന്ധിനഗർ സൗത്ത്), ദളിത് നേതാവ് ജിഗ്നേഷ് മേവാനി (വദ്ഗാം), മുൻ മന്ത്രി ശങ്കർ ചൗധരി (താരദ്), കോൺഗ്രസ് എംഎൽഎ ജെനിബെൻ താക്കൂർ (വാവ്), ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ (വിസ്‌നഗർ), ആദിവാസി നേതാവ് അശ്വിൻ കോട്വാൾ (ഖേദ്ബ്രഹ്മ) എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.
ബിജെപിയിൽ നിന്നുള്ള വിമതരായ ധവൽസിൻഹ് സാല (ബയാദ്), മധു ശ്രീവാസ്തവ് (വാഘോഡിയ), ദിനേഷ് പട്ടേൽ (പദ്ര), മാവ്ജി ദേശായി (ധനേര) എന്നിവർ സ്വതന്ത്രരായും ഈ ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.
മധ്യ ഗുജറാത്തിൽ നിലവിലെ മന്ത്രിമാരായ മനീഷ വക്കീൽ (വഡോദര നഗരം), നിമിഷ സുതാർ (മോർവ ഹദാഫ്), കുബേർ ദിൻഡോർ (സന്ത്രംപൂർ), പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ (പവി-ജെത്പൂർ), യോഗേഷ് പട്ടേൽ (മഞ്ജൽപൂർ) എന്നിവരും മത്സരിക്കുന്നു. ബിജെപിയിൽ ചേർന്ന ഗോത്രവർഗ നേതാവ് മോഹൻസിൻഹ് രത്‌വാസിന്റെ മകൻ രാജേന്ദ്രസിൻഹ്, കേതൻ ഇനാംദാർ (സാവ്‌ലി), ജേതാ അഹിർ (ഷെഹ്‌റ), സി കെ റൗൾജി (ഗോധ്ര), പങ്കജ് ദേശായി (നാദിയാദ്), അമിത് ചാവ്ദ (അങ്കലാവ്) എന്നിവരാണ് മറ്റ് പ്രധാനികള്‍.