ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സീ പ്ലെയിനിൽ പറന്നിറങ്ങിയത് തിരഞ്ഞെടുപ്പ് പ്രചാരണ ചരിത്രത്തിലെ അപൂർവ സംഭവമായി. ഇന്ത്യയിൽ സീ പ്ലൈനിൽ യാത്ര ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയും യാത്രക്കാരനും നരേന്ദ്ര മോദിയായിരിക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ കലാശ കൊട്ടിലേക്കാണ് മോദി സീ പ്ലെയിനിൽ എത്തിയത്.

സബർമതി നദിയിൽ നിന്നും മെഹ്സാന ജില്ലയിലെ ദാരോയി ഡാം വരെയായിരുന്നു “രാജ്യത്തെ കന്നി സീ പ്ലെയിൻ യാത്ര”. നദിയോട് ചേർന്ന് പ്രധാനമന്ത്രിയുടെ യാത്രക്കായി ഒരു താൽക്കാലിക ജെട്ടിയും സജ്ജമാക്കിയിരുന്നു. നാട്ടുകാരും ബിജെപി പ്രവർത്തകരും നരേന്ദ്ര മോദിയുടെ സീ പ്ലെയിൻ യാത്രക്ക് സാക്ഷിയാവാൻ എത്തിയിരുന്നു. റോഡ് മാർഗം സബർമതിയിൽ നിന്നും ദാരോയിയിൽ എത്താൻ ഏതാണ്ട് രണ്ടു മണിക്കൂർ യാത്ര ചെയ്യണം. ഈ 137 കിലോ മീറ്റർ താണ്ടാൻ സീ പ്ലൈനിനു അര മണിക്കൂർ മാത്രമേ വേണ്ടിവന്നുള്ളൂ.

ദാരോയിൽ നിന്നും മോദി റോഡ് മാർഗം അംബാജി ക്ഷേത്രത്തിലേക്ക് പോയി. ദർശനത്തിനു ശേഷം പ്ലെയിനിൽ അദ്ദേഹം അഹമ്മദാബാദിലേക്കു തിരിച്ചു യാത്ര ചെയ്യും.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ തന്റെ സീ പ്ലെയിൻ യാത്രയെക്കുറിച്ചു മോദി പരാമർശിച്ചിരുന്നു. ഇന്ന് പാർട്ടി അഹമ്മദാബാദിൽ നടത്താനിരുന്ന റോഡ് ഷോക്ക് അധികാരികൾ അനുമതി നിഷേധിച്ച കാര്യവും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സീ പ്ലൈനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത് എന്നും അദ്ദേഹം വിശദമാക്കി.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി മോദിയുടെ യാത്രയെ ചരിത്രപരമെന്നു വിശേഷിപ്പിച്ചു. ഇന്ത്യയുടെ ഗതാഗത ചരിത്രത്തിലെ അപൂർവ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ പരീക്ഷണങ്ങൾക്കുള്ള ധാരാളം അവസരം ഇന്ത്യയിലുണ്ടെന്നും എഎൻഐക്കു നൽകിയ അഭിമുഖത്തിൽ ഗഡ്‌കരി ചൂണ്ടിക്കാട്ടി.

പതിനഞ്ചോളം യാത്രക്കാരെ കയറ്റാവുന്ന ചെറിയ ക്വസ്റ്റ് കൊഡാക് വിമാനമാണിത് പറന്നുയരാനും ഇറങ്ങാനും 300 മീറ്റർ നീളമുള്ള റൺ വായ് മതിയാകും. വെള്ളത്തിൽ ലാൻഡ് ചെയ്യാൻ വിമാനത്തിന് ‘ഫ്‌ളോട്ടു’കൾ ഉണ്ട്. തന്റെ കന്നി കടൽ വിമാന യാത്രയെ കുറിച്ച് ഇന്നലെ മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. ചൊവ്വാഴ്ച താൻ സീ പ്ലെയിനിൽ സബർമാതിയിൽ നിന്ന് ദാരോയിലേക്കു യാത്ര ചെയ്യുമെന്നും ഇന്ത്യയിലെ നൂറു കോടിയിൽ പരം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇത്തരം വികസനങ്ങൾ സർക്കാർ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ