അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെൻ തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
അഹമ്മദാബാദിലെ നിഷാൻ ഹൈസ്കൂളിലെ 115-ാം ബൂത്തിലെത്തിയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിച്ചത്. പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു.

മറ്റ് വോട്ടര്‍മാരെ പോലെ വരിയില്‍ നിന്നാണ് മോദി വോട്ട് ചെയ്തത്. പിന്നീട് മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാണിച്ച് ആര്‍ത്തുവിളിച്ച ജനങ്ങള്‍ക്കിടയിലൂടെയാണ് അദ്ദേഹം തിരികെ കാറില്‍ കയറാനെത്തിയത്. അതേസമയം വോട്ട് ചെയ്യാനെത്തിയപ്പോഴും മോദി പ്രചരണം നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചു വരെ തുടരും. 93 മണ്ഡലങ്ങളിലെ ഇരുപത്തയ്യായിരത്തോളം ബൂത്തുകളിലായി 2.22 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

സെന്‍ട്രല്‍ ഗുജറാത്തിലെയും വടക്കന്‍ ഗുജറാത്തിലെയും 14 ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. രംഗത്ത് 851 സ്ഥാനാര്‍ത്ഥികള്‍. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, അല്‍പ്പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി, ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ് പട്ടേല്‍ എന്നിവരും ഇന്ന് ജനവിധി തേടുന്നു.

ഗുജറാത്തിൽ ആദ്യഘട്ടത്തില്‍​ 68 ശതമാനമാണ്​ പോളിംഗ്​. കച്ച്​, സൗരാഷ്​ട്ര, ദക്ഷിണ ഗുജറാത്ത്​ എന്നിവിടങ്ങ​ളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ്​ ശനിയാഴ്​ച വോ​ട്ടെടുപ്പ്​ നടന്നത്​. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറവാണ്. 2012ല്‍ 71. 3 ആയിരുന്നു പോളിംഗ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ