ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നവംബര്‍ 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 15-നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 15 തന്നെയാണ്.
രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നവംബര്‍ 17 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 18-നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും നവംബര്‍ 18 തന്നെയാണ്.

4.9 കോടി പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ട് ചെയ്യാന്‍ യോഗ്യതയുള്ളത്. 51,000 വോട്ടിങ് കേന്ദ്രങ്ങളായിരിക്കും സംസ്ഥാനത്തുടനീളം. ഇതില്‍ 34,000 കേന്ദ്രങ്ങള്‍ പ്രാദേശിക മേഖലകളിലാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 160 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ കേന്ദ്രം സംസ്ഥാനത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
182 അംഗങ്ങളുള്ള നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് കഴിയും. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. 111 സീറ്റുകള്‍ നേടിയായിരുന്നു കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത്. 62 സീറ്റുകളുള്ള കോണ്‍ഗ്രസാണ് രണ്ടാമത്തെ വലിയ കക്ഷി. ഭാരതിയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) – 2, എന്‍സിപി – 1, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയാണ് കക്ഷിനില.