അഹമ്മദാബാദ് : 22 വർഷം ഭരണം കയ്യാളിയ, ശക്തി ദുർഗമായ ഗുജറാത്തിൽ  തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ബിജെപിക്ക് ആശ്വാസ വിജയമാണുള്ളത്. കോൺഗ്രസ് അവിടെ നില മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മോദിയുടെ പ്രഭാവം നിലനിൽക്കുന്ന ഗുജറാത്തിൽ, വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ബിജെപിയും കോൺഗ്രസ്സും ഇഞ്ചോടിഞ്ചു പോരാട്ടത്തിലായിരുന്നു. എങ്കിൽ തന്നെയും രാജ്യത്തിലെ ഏറ്റവും പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിക്ക് പരാജയത്തിന്റെ രുചി സമ്മാനിച്ചു കൊണ്ട് ബിജെപി പിന്നീട് ജയിച്ചു കയറി. നിലവിലത്തെ വോട്ടിങ് സ്ഥിതിയിൽ 22 വർഷമായി അധികാരത്തിന് പുറത്തുളള കോൺഗ്രസ് മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ഓഹരി കൂടുതലാക്കി. ബി ജെപിക്കും വോട്ട് ശതമാനം കൂടിയിട്ടുണ്ട്. എന്നാൽ  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ  ബി ജെപിയേക്കാളധികം വോട്ടോഹരിയാണ് കോൺഗ്രസ് നേടിയിരിക്കുന്നതെന്നാണ് ആദ്യ കണക്കുകൾ വ്യക്തമാക്കുന്നത്. ബി ജെപിക്ക് രണ്ട് ശതമാനത്തിൽ താഴെ വോട്ട് ശതമാനത്തിന്രെ വർധനയുണ്ടായപ്പോൾ കോൺഗ്രസ്സിന് അത് നാല് ശതമാനത്തോളം വർധിപ്പിക്കാൻ സാധിച്ചുവെന്നതാണ്.

ഇന്ത്യയിലെ 2017 ലെ തിരഞ്ഞെടുപ്പ് ഘട്ടം അടയാളപ്പെടുത്തുന്നത് ഹാർദിക് പട്ടേൽ നയിച്ച പട്ടീദാർ പ്രക്ഷോഭത്തിന്റെ വെളിച്ചത്തിലാണ്. പിന്നോക്ക വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇരു പാർട്ടികളും ഉയർത്തികാണിച്ചു. കോൺഗ്രസ്സും ബിജെപിയും പങ്കെടുത്ത കൊടിയ തിരഞ്ഞെടുപ്പ് യുദ്ധമായിരുന്നു 2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ്. ഇതിൽ മുൻപെങ്ങും ഇല്ലാത്ത വിധം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രബലനായ ഒരു നേതാവിന്റെ വിവിധ വേഷങ്ങൾ എടുത്തണിഞ്ഞു പ്രത്യക്ഷപ്പെടുകയും ചെയ്തു. ചില മണ്ഡലങ്ങളിലെ തിരഞ്ഞടുപ്പ് വിജയം പരിശോധിച്ചാൽ മാത്രമേ ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയ കക്ഷികളുടെ പോരാട്ടത്തിന്റെയും ആഘാതം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എത്രയുണ്ടെന്ന് മനസ്സിലാകൂ.

വിജയം പ്രവചിക്കാവുന്ന സീറ്റുകൾ
സൂററ്റ് ജില്ലയിലെ മൂന്നു സീറ്റുകൾ – ഓൽപദ്, സൂററ്റ് ഈസ്റ്റ്, സൂററ്റ് വെസ്റ്റ് – ഈ സീറ്റുകളിൽ  വിജയിക്കുന്നവർ  ഏത് പാർട്ടിയാണോ  അവരായിരിക്കും സംസ്ഥാനം ഭരിക്കുകയെന്നാണ് വിശ്വസിക്കപ്പെടുന്നത് . ഇവിടെ മൂന്നിലും ബിജെപിയാണ് വിജയിച്ചത്.

Read in English

പട്ടീദാർ മണ്ഡലങ്ങൾ
2017 ലെ തിരഞ്ഞെടുപ്പിൽ ഹാർദിക് പട്ടേൽ നയിച്ച പട്ടീദാർ പ്രക്ഷോഭം പ്രധാനമായ ഒരു വഴിത്തിരിവാണ്. ഗുജറാത്തിലെ പ്രബല വിഭാഗം എന്ന നിലയിൽ വിദ്യാഭ്യാസ രംഗത്തും, സ്വകാര്യ, പൊതു മേഖലകളിലെ തൊഴിൽ രംഗത്തും സംവരണം ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ അവർ നേരിടുന്ന അസമത്വം മാറ്റാൻ ഭരണ കക്ഷിയായ ബിജെപിക്കു കഴിയില്ല എന്ന് വിശ്വസിച്ച അവർ കോൺഗ്രസ് ഭാഗത്തേക്ക് ചുവടു മാറ്റം നടത്തി. ഗുജറാത്തിൽ ബിജെപി ഇപ്പോൾ കൈവശം വച്ചിരിക്കുന്ന സ്വാധീന ശക്തിയിൽ ഇടിവ് വരുത്താൻ ഈ നീക്കത്തിന് കഴിയുമായിരുന്നു എന്ന് വിദഗ്ധർ വിശ്വസിക്കുന്നു. എന്നാൽ ഫലങ്ങൾ സസൂക്ഷ്മം വിലയിരുത്തുകയാണെങ്കിൽ പട്ടീദാർ പ്രക്ഷോഭം ഈ ജാതിയുടെ ശക്തി കേന്ദ്രങ്ങളായ മണ്ഡലത്തിൽ ബിജെപിയുടെ വിജയത്തെ വലുതായൊന്നും പിന്നോട്ടടിപ്പിക്കാൻ  അവർക്ക് സാധിച്ചില്ല എന്ന് മനസ്സിലാകും. വരച്ച മണ്ഡലമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം – പട്ടീദാർ വോട്ടർമാരുടെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പ്രദേശമാണിത്. ബിജെപിയുടെ കിഷോർ കനനീ കുമാർ 21174 വോട്ടുകൾ നേടിയാണ് ഇവിടെ വിജയിച്ചത്. പട്ടീദാർ വോട്ടർമാർ പകുതിയുള്ള കാമരാജ് മണ്ഡലത്തിലും 2012 ലും,2017 ലും ബിജെപിയാണ് വിജയിച്ചത്. ഹാർദിക് പ്രക്ഷോഭം ഫലിച്ചിട്ടില്ല എന്ന് വ്യക്തം. ഹാർദിക് പട്ടേൽ വോട്ട് രേഖപെടുത്തിയ വിരംഗം മണ്ഡലത്തിലും, ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

പട്ടീദാർ വോട്ടർമാർ അധികമുള്ള ഉഞ്ച, അംറേലി, ധോരജി മണ്ഡലങ്ങളിൽ കോൺഗ്രസിന് യാതൊരു സ്വാധീനവും ചെലുത്തുവാൻ സാധിച്ചിട്ടില്ല.

അൽപേഷ് താക്കൂർ ഘടകം
ഹാർദിക്കിന്റെ സംവരണ പ്രക്ഷോഭത്തിന്‌ പിന്നാലെ അൽപേഷ് താക്കൂറിന്റെ പിന്നോക്കവിഭാഗങ്ങളെ മുൻ നിർത്തിയുള്ള പ്രക്ഷോഭവും സമൂഹ ശ്രദ്ധയാകർഷിച്ചിരുന്നു. വ്യാജ മദ്യത്തിനെതിരെയുള്ള അൽപേഷിന്റെ നിലപാടും പിന്നോക്ക വിഭാഗത്തിനിടയിൽ അദ്ദേഹത്തിന്  ജനസമ്മിതി നേടിക്കൊടുത്തു. ബിജെപിയുടെ കോട്ട തകർത്താണ് അൽപേഷ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചത്.

ജിഗ്നേഷ് മേവാനി ഘടകം

ഉന മണ്ഡലത്തിൽ ഗോരക്ഷയുടെ പേരിൽ ദലിതർ ആക്രമിക്കപ്പെട്ടപ്പോഴാണ് ജിഗ്നേഷ് മേവാനി വാർത്തകളിൽ നിറയുന്നത്. ഈ സംഭവത്തിനു ശേഷം മേവാനി തന്റെ സമുദായത്തെ ബിജെപിക്കെതിരെ അണിനിരത്തുന്ന യജ്ഞത്തിലായിരുന്നു. താക്കൂറിനെ പോലെ തന്നെ മേവാനിക്കും പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ബിജെപിക്കെതിരായ വികാരം ഉണർത്താൻ കഴിഞ്ഞിട്ടുണ്ട്. വാട്‌ഗമിൽ കോൺഗ്രസിന്റെയും എഎപിയുടെയും പിന്തുണയോടെ മത്സരിച്ച മേവാനി വിജയിച്ചു.

Read More: ജിഗ്‍നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന വിജയം: 18,000 വോട്ടുകളുടെ ഭൂരിപക്ഷം

ബിജെപി കോട്ട
കഴിഞ്ഞ 22 വർഷമായി ബിജെപി ഒരിക്കലും തോറ്റിട്ടില്ലാത്ത ചില സീറ്റുകൾ ഗുജറാത്തിലുണ്ട്. ഇത്തരത്തിലുള്ള 30 സീറ്റുകളിൽ 7 എണ്ണവും അഹമ്മദാബാദിലാണ്. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ജമാൽപുർ ഖാദിയായിൽ ഒഴിച്ച് മറ്റെല്ലായിടത്തും ബിജെപി ശക്തി തെളിയിച്ചു. ജമാൽ പുരിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച യൂസഫ് ബായ് കേധാവാല യാണ് വിജയിച്ചത്.

നാനോ കാർ ആഘാതം
നരേന്ദ്ര മോദിയെ ആക്രമിക്കാൻ ടാറ്റായുടെ നാനോ കാർ പ്ളാന്റുമായി ബന്ധപ്പെട്ട പരാമർശം രാഹുൽ ഗാന്ധി പലപ്പോഴായി നടത്തിയിരുന്നു. പാവപ്പെട്ടവരിൽ നിന്നു സ്ഥലം പിടിച്ചെടുത്തു മോദി കുത്തകകൾക്ക് നൽകിയതായി ആദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. നാനോ കാർ പ്ലാന്റിന്റെ പദ്ധതി പ്രദേശമായ സനദിൽ നടത്തിയ പ്രസംഗത്തിൽ മോദി രാഹുലിനെ കടന്നാക്രമിച്ചു. സനദിൽ ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. രാഹുലിന്റെ പ്രചാരണം ഇവിടെ ഫലം കണ്ടില്ല.

ബിജെപി കോൺഗ്രസിനെ ഉന്നം വക്കുന്നു
2012 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറെ സഹായിച്ച മണ്ഡലമാണ് ആനന്ദ്. കോൺഗ്രസിന്റെ കുത്തക ഇവിടെ തകർക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചത്.

പാക്കിസ്ഥാൻ ഫലം
അതിർത്തി നഗരമായ പാലൻപൂരിൽ വച്ചാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടുന്നതായി മോദി ആരോപിച്ചത്. 2002 ലും, 2007 ലും ബിജെപിക്കായിരുന്നു ഇവിടെ വിജയം. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസ് വിജയിച്ചു. ഈ തിരഞ്ഞെടുപ്പിലും പാക്കിസ്ഥാൻ ചീട്ട് ഈ മണ്ഡലത്തിൽ  പരാജയപെട്ടു കോൺഗ്രസ് വിജയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ