അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന ഗുജറാത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള വാക്ക് യുദ്ധം മുറുകുന്നു. ത്രിദിന സന്ദര്‍ശനത്തിന് ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി എട്ടോളം റാലികളെ അഭിസംബോധന ചെയ്യും.

പാവങ്ങളേയും തന്റെ ദരിദ്രമായ പശ്ചാത്തലത്തേയും കളിയാക്കരുതെന്ന് അദ്ദേഹം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. താന്‍ പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വന്നത് കൊണ്ടാണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും മോദി പറഞ്ഞു. ‘അതെ ദരിദ്ര കുടുംബത്തില്‍ നിന്ന് വന്നാണ് ഞാന്‍ പ്രധാനമന്ത്രി ആയത്. ഈ വസ്തുത കാരണമാണ് അവര്‍ എന്നെ അധിക്ഷേപിക്കുന്നത്. ഞാന്‍ ചായ വിറ്റിട്ടുണ്ട്, എന്നാല്‍ രാജ്യം വിറ്റിട്ടില്ല’, പ്രധാനമന്ത്രി പറഞ്ഞു.

യുവ ദേശ് എന്ന ഓണ്‍ലൈന്‍ മാഗസിനിലൂടെയാണ് മോദിയെ ചായക്കടക്കാരന്‍ ആക്കി യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചത്. പിന്നീട് ഇത് പിന്‍വലിച്ച് മാപ്പ് പറഞ്ഞെങ്കിലും ബിജെപി അത് ആയുധമാക്കി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതാണ് ട്രോള്‍. തന്നെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന തമാശകള്‍ നിങ്ങള്‍ കാണാറുണ്ടോയെന്ന് മോദി ചോദിക്കുന്നു. അപ്പോള്‍ ‘മെമെ’ എന്നല്ല ‘മീം’ എന്നാണു ഉച്ചരിക്കേണ്ടതെന്ന് ട്രംപ് തിരുത്തുന്നു. ഉടനെ നിങ്ങള്‍ ചായ വില്‍ക്കൂവെന്ന് തെരേസ മേ പറയുന്നതാണ് ട്രോളിലുള്ളത്.

മിന്നലാക്രമണത്തെ പ്രകീര്‍ത്തിച്ചും മോദി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ‘മുംബൈയിലും ഉറിയിലും പാക് ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. ഈ രണ്ട് ആക്രമണങ്ങൾക്കും പിന്നാലെ ഇന്ത്യ എങ്ങനെയാണ് തിരിച്ചടിച്ചതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇക്കാര്യം മുമ്പുണ്ടായിരുന്ന കോൺഗ്രസ് സർക്കാരും ഇപ്പോഴത്തെ ബിജെപി സർക്കാരും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് മനസിലാക്കിത്തരുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെ തുറന്ന് വിടാനുള്ള തീരുമാനം കോൺഗ്രസ് ആഘോഷിക്കുകയാണ്. ഇക്കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഇതേ കോൺഗ്രസ് പാർട്ടി നമ്മുടെ സൈനികർ അതിർത്തി കടന്ന് പാകിസ്ഥാനിൽ ചെന്ന് നടത്തിയ സർജിക്കൽ ആക്രമണത്തെ അവിശ്വസിക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരേക്കാൾ കോൺഗ്രസിന് ഇക്കാര്യത്തിൽ വിശ്വാസം ചൈനീസ് അംബാസഡറെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ