ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ജിഗ്നേഷ് മേവാനി മത്സരിക്കുന്നു. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഇന്ന് അദ്ദേഹം പത്രിക സമർപ്പിക്കും. ബനസ്‌കന്ത ജില്ലയിലെ വാഡ്‌ഗാം 11 മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്.

‘എന്റെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമാണ്. നമുക്കൊരുമിച്ച് പൊരുതാം. നമുക്കൊരുമിച്ച് ജയിക്കാം” അദ്ദേഹം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മേവാനി മണ്ഡലത്തിൽ മറ്റ് രാഷ്ട്രീയ കക്ഷികളുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പോരാട്ടം ബിജെപിക്ക് എതിരെ മാത്രമാണ്. ബിജെപിക്ക് എതിരെ മത്സരിക്കാൻ മറ്റ് കക്ഷികൾ തനിക്ക് കൂടുതൽ ശക്തി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാഡ്ഗാം 11 മണ്ഡലത്തിൽ മുസ്‌ലിം-ദലിത് വോട്ടുകൾ ഏറെയുണ്ട്. ബനസ്കന്ത ദലിത് സംഘടനയ്ക്ക് ഇവിടെ സ്വാധീനമുണ്ട്. അനുകൂല സാഹചര്യങ്ങൾ മുൻനിർത്തിയാണ് ജിഗ്നേഷ് മേവാനി ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, ജിഗ്നേഷ് മേവാനിക്ക് ആശംസകൾ അറിയിച്ചു. പട്ടിദാർ സമുദായ നേതാവ് ഹാർദിക് പട്ടേലിനൊപ്പം പത്ത് ദിവസത്തെ ഗുജറാത്ത് റാലി പൂർത്തിയാക്കിയ ശേഷമാണ് ജിഗ്നേഷ് മേവാനി തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

അതേസമയം, ജിഗ്നേഷ് മേവാനി ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കാമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ജിഗ്നേഷ് മേവാനി, രാഹുൽ ഗാന്ധിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ