ന്യൂഡൽഹി: ഗുജറാത്തിൽ 2002 ൽ നടന്ന മുസ്‌ലിം വിരുദ്ധ കൂട്ടക്കൊല എന്ന പാഠഭാഗം പുതിയ എൻസിആർടി പാഠപുസ്‌തകത്തിൽ തിരുത്തി. മുസ്‌ലിം വിരുദ്ധ കലാപം എന്നത് ഗുജറാത്ത് കലാപം എന്നാണ് തിരുത്തിയിരിക്കുന്നത്. എൻസിആർടി പന്ത്രണ്ടാം ക്ലാസ് പാഠപു‌സ്‌തകത്തിലാണ് ഈ തിരുത്ത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങൾ എന്ന പാഠപുസ്‌തകത്തിലെ അവസാന പാഠഭാഗത്തിലാണ് ഇത് സംബന്ധിച്ച തിരുത്ത് ഉണ്ടായത്. ‘മുസ്‌ലിം വിരുദ്ധ ഗുജറാത്ത് കലാപം 2002’ എന്നത് ‘ഗുജറാത്ത് കലാപം 2002’ എന്നാണ് തിരുത്തിയെഴുതിയത്. ഇതേ പാഠഭാഗത്തിൽ തന്നെ 1984 ലെ സിഖ് വിരുദ്ധ കലാപം എന്ന പാഠഭാഗം യാതൊരു മാറ്റവും ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചത്.

പാഠഭാഗത്തിന്റെ തുടക്കത്തിൽ നിന്ന് മുസ്‌ലിം എന്ന പദം പൂർണമായും എടുത്ത് മാറ്റിയിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം ഗോദ്ര കലാപത്തിന്റെ ചിത്രം പാഠപുസ്‌തകത്തിൽ നൽകിയിട്ടുണ്ട്. കർസേവകരെ തീവണ്ടിയ്ക്കകത്ത് ചുട്ടുകൊന്നതിന് പിന്നാലെ മുസ്ലിങ്ങൾക്കെതിരെയും അക്രമം നടന്നുവെന്നാണ് പാഠഭാഗം വിശദീകരിക്കുന്നത്.

കലാപത്തിൽ 1100 പേർ കൊല്ലപ്പെട്ടുവെന്നും ഇതിൽ ഏറെയും മുസ്ലിങ്ങളാണെന്നും വിശദീകരിക്കുന്നുണ്ട്. കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ട കലാപത്തിൽ 223 പേരെ കാണാതായിരുന്നു. 2500 ലേറെ പേർക്കാണ് കലാപത്തിൽ പരുക്കേറ്റത്.

ആർ.കെ.ചതുർവേദി സിബിഎസ്ഇ ചെയർമാനായിരുന്ന കാലത്താണ് ഈ തിരുത്തലുകൾക്ക് നിർദേശിച്ചത്. 2007 ന് ശേഷം കഴിഞ്ഞ ജൂണിലാണ് പാഠപുസ്‌തകത്തിൽ ഭേദഗതി വരുത്തണമെന്ന് നിർദേശിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ