ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കും വിധ പദപ്രയോഗം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തില്‍ ദേശിയ വനിത കമ്മിഷന് (എന്‍സിഡബ്ല്യു) ഗോപാല്‍ ഇറ്റാലിയയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്റെ ഓഫിസില്‍ നിന്നാണ് പൊലീസ് ഗോപാല്‍ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തത്.
ഗോപാല്‍ ഇറ്റാലിയയുടെ രണ്ട് പഴയ വീഡിയോകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ വിമർശിക്കുകയും അദ്ദേഹത്തിന്റെ സർക്കാരിനെ മറ്റൊരു വാക്കുകൊണ്ട് അഭിസംബോധന ചെയ്യുകയുമായിരുന്നു. മറ്റൊന്നില്‍ സ്ത്രീകളോട് ക്ഷേത്രങ്ങളും മത പ്രഭാഷണങ്ങളും ചൂഷണത്തിന്റെ വിളനിലങ്ങളാണെന്നാണ് ഗോപാല്‍ പറയുന്നത്. കൂടാതെ അമ്മമാരും പെൺകുട്ടികളും വളര്‍ച്ചയും ബഹുമാനവും ആവശ്യമാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഗോപാല്‍ ഇറ്റാലിയ ഉപദേശിക്കുന്നു.
പഴയ വീഡിയോകളുടെ പേരിൽ തനിക്കെതിരായ നടപടിയില്‍ ഗോപാല്‍ ഇറ്റാലിയ പ്രതികരിച്ചു. താൻ ഒരു പട്ടീദാർ ആയതിനാലാണ് ആക്രമിക്കപ്പെടുന്നതെന്നാണ് ഗോപാലിന്റെ അവകാശവാദം.
വനിത കമ്മിഷന്റെ ഓഫിസില്‍ നിന്നാണ് ഗോപാലിനെ കസ്റ്റഡിയിലെടുത്തതെന്ന് ആം ആദ്മി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വനിത കമ്മിഷന്റെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചെന്നും ചോദ്യം ചെയ്യലിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്.