scorecardresearch
Latest News

ഗുജറാത്ത് കലാപ കേസുകൾ: സുപ്രീം കോടതി ഒരിക്കൽ പറഞ്ഞതും ചെയ്തതും

കലാപക്കേസുകളിൽ ‘ന്യായവും നിഷ്പക്ഷവുമായ അന്വേഷണം’ വേണമെന്ന് വർഷങ്ങളായി ഹിയറിങ്ങുകളിലൂടെയും ഉത്തരവുകളിലൂടെയും ആവശ്യപ്പെട്ടത് സുപ്രീം കോടതിയാണ്

Gujarat 2002 cases, supreme court, ie malayalam

2002ലെ ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി അഹ്‌സൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി, കലാപത്തിലെ ഗൂഢാലോചന സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ സംസ്ഥാനത്തുടനീളം വലിയ അക്രമം നടന്നതിനുപിന്നിൽ ഉന്നത തലത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്നതിന് അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ സംശയം ജനിപ്പിക്കുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

കലാപക്കേസുകളിൽ ‘ന്യായവും നിഷ്പക്ഷവുമായ അന്വേഷണം’ വേണമെന്ന് വർഷങ്ങളായി ഹിയറിങ്ങുകളിലൂടെയും ഉത്തരവുകളിലൂടെയും ആവശ്യപ്പെട്ടത് സുപ്രീം കോടതിയാണ്. ബെസ്റ്റ് ബേക്കറിയുടെയും ബിൽക്കിസ് ബാനോയുടെയും രണ്ട് കേസുകൾ ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി.

ഒരു ഘട്ടത്തിൽ, ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനും മറ്റുള്ളവർക്കുമെതിരെ ഗുജറാത്ത് ഹൈക്കോടതിയുടെ പരാമർശങ്ങൾ പോലും സുപ്രീം കോടതി ഒഴിവാക്കി. സാക്കിയ ജാഫ്രിയുടെ ഹർജി തള്ളിയതിനുപിന്നാലെ, കഴിഞ്ഞ ശനിയാഴ്ച ഗുജറാത്ത് പോലീസ് സെതൽവാദിനെ അറസ്റ്റ് ചെയ്തു.

◙ 2004 ഏപ്രിൽ 12ന് വഡോദര ബെസ്റ്റ് ബേക്കറി കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ട് ജസ്റ്റിസുമാരായ ദൊരൈസ്വാമി രാജു, അരിജിത് പസായത്ത് എന്നിവരുടെ ബെഞ്ച് പറഞ്ഞത് ഇതാണ്, ”ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനും ഉത്തരവാദിത്തപ്പെട്ടവർ ഉത്കണ്ഠ കാണിക്കുന്നില്ലെന്ന് തോന്നുന്നു. വലിയൊരു വിഭാഗം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കുറ്റാരോപിതർ യഥാർത്ഥത്തിൽ അക്രമികളാണോ അല്ലയോ എന്ന് നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ തെളിയിക്കാമായിരുന്നു. ബെസ്റ്റ് ബേക്കറിയിൽ നിരപരാധികളായ കുട്ടികളും നിസ്സഹായരായ സ്ത്രീകളും കത്തിഎരിയുമ്പോൾ ആധുനിക കാലത്തെ ‘നീറോകൾ’ മറ്റെവിടെയോ നോക്കുകയായിരുന്നു. കുറ്റകൃത്യം ചെയ്യുന്നവരെ എങ്ങനെ രക്ഷിക്കാമെന്നും സംരക്ഷിക്കാമെന്നുമുള്ള ആലോചനയിലായിരുന്നു. ഇത്തരം ‘വഷളന്മാരുടെ’ കൈകളിൽ നിയമവും നീതിയും ഈച്ചകളാവും.”

അതേ ദിവസം ടീസ്റ്റ സെതൽവാദും മറ്റുള്ളവരും നൽകിയ മറ്റൊരു ഹർജി പരിഗണിച്ച്, അവർക്കും മറ്റുള്ളവർക്കുമെതിരെ ഗുജറാത്ത് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ രണ്ട് ജഡ്ജിമാരും നീക്കം ചെയ്തു.

◙ നേരത്തെ, 2003 സെപ്റ്റംബർ 19 ന് അന്നത്തെ ചീഫ് സെക്രട്ടറി പി.കെ.ലാഹേരിയെയും ഡിജിപി കെ.ചക്രവർത്തിയെയും കോടതിയിൽ വിളിച്ചുവരുത്തിയ ചീഫ് ജസ്റ്റിസ് വി.എൻ.ഖരെ, ജസ്റ്റിസുമാരായ ബ്രിജേഷ് കുമാർ, എസ്.ബി.സിൻഹ എന്നിവരുടെ ബെഞ്ച്, സാക്ഷികൾ കൂറുമാറിയെന്ന് അറിഞ്ഞപ്പോൾ എന്ത് നടപടിയാണ് അവർക്കെതിരെ സ്വീകരിച്ചതെന്ന് ചക്രവർത്തിയോട് ചോദിച്ചു.

എന്തുകൊണ്ടാണ് അവർ ശത്രുപക്ഷത്തേക്ക് നീങ്ങിയതെന്ന് ഞാൻ പോലീസ് കമ്മീഷണറോട് ചോദിച്ചതായി ചക്രവർത്തി കോടതി മുൻപാകെ പറഞ്ഞു. ഈ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചതായി തോന്നുന്നുവെന്ന് എന്നോട് പറഞ്ഞ പോലീസ് കമ്മീഷണറോട് താൻ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് അവരെ വീണ്ടും ചോദ്യം ചെയ്യാത്തതെന്ന് ചോദിച്ചപ്പോൾ, വളരെ വൈകിയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് ചക്രവർത്തി പറഞ്ഞു.

“കുറ്റവിമുക്തനെന്ന വിധി വന്നതിന് ശേഷം മാത്രമാണ് നിങ്ങൾ പോലീസ് കമ്മീഷണറോട് ചോദിച്ചതെന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്?” ജസ്റ്റിസ് സിൻഹ ചോദിച്ചു. “എനിക്ക് കൃത്യമായ തീയതി ഓർമ്മയില്ല. സാക്ഷികളെ പ്രതികൾ സ്വാധീനിച്ചുവെന്നറിഞ്ഞിട്ടും ഞാൻ ഒരു നടപടിയും സ്വീകരിച്ചില്ല,” ചക്രവർത്തി പറഞ്ഞു. ചക്രവർത്തി 2020ൽ മരിച്ചു.

◙ 2003 നവംബർ 21-ന്, സിജെഐ വി.എൻ.ഖരെ, ജസ്റ്റിസുമാരായ എസ്.ബി.സിൻഹ, എ.ആർ.ലക്ഷ്മണൻ എന്നിവരുടെ ബെഞ്ച് 10 പ്രധാന കലാപക്കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റുന്നതിനൊപ്പം ഈ കേസുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ വിചാരണ സ്റ്റേ ചെയ്തു.

◙ 2004 ഓഗസ്റ്റ് 17-ന്, ജസ്റ്റിസുമാരായ റുമ പാൽ, എസ്.ബി. സിൻഹ, എസ്.എച്ച്.കപാഡിയ എന്നിവരുടെ ബെഞ്ച്, ലോക്കൽ പൊലീസ് സ്റ്റേഷനുകൾ അവസാനിപ്പിച്ച കേസുകൾ വീണ്ടും അന്വേഷിക്കുന്നതിനും മൂന്നു മാസം കൂടുമ്പോൾ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും ഡിജിപിയുടെ കീഴിൽ ഒരു സെൽ രൂപീകരിക്കാൻ ഉത്തരവിട്ടു.

◙ 2008 മാർച്ച് 26ന് ജസ്റ്റിസുമാരായ അരിജിത് പസായത്ത്, പി.സദാശിവം, അഫ്താബ് ആലം എന്നിവരുടെ ബെഞ്ച് പറഞ്ഞത് ഇതാണ്, ”സാമുദായിക സൗഹാർദമാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര. ഒരു മതവും വെറുപ്പ് പഠിപ്പിക്കുന്നില്ല. മതത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുകയാണെങ്കിൽ, അത് അടിസ്ഥാനപരമായി നിയമവാഴ്ച ഭരിക്കുന്ന സമൂഹത്തിന് അപമാനവും കളങ്കവുമാണ്. മതഭ്രാന്തന്മാർ യഥാർത്ഥത്തിൽ ഒരു മതത്തിലും പെട്ടവരല്ല. അവർ തീവ്രവാദികളേക്കാൾ മികച്ചവരല്ല… സംസ്ഥാനം സ്വീകരിക്കുന്ന നടപടികളുടെ സുതാര്യതയിൽ ജനങ്ങളുടെ വിശ്വാസം ദൃഢമാക്കുന്നതിന് കൂടുതൽ അന്വേഷണം നടത്തണമെങ്കിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഗുജറാത്ത് സംസ്ഥാനം വ്യക്തമാക്കി.”

ഗോധ്ര ട്രെയിൻ കത്തിക്കൽ, അഹമ്മദാബാദിലെ നരോദ പാട്യ, നരോദ ഗാം, ഗുൽബർഗ് സൊസൈറ്റി, സർദാർപുര, മെഹ്‌സാന ജില്ലയിലെ ദിപ്‌ദ ദർവാജ എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങൾ, ആനന്ദ് ജില്ലയിലെ ഒഡെയിലെ രണ്ട് കേസുകൾ, സബർകാന്ത ജില്ലയിലെ പ്രന്തിജിൽ ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ട കേസ് എന്നിവയിൽ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. വിരമിച്ച സിബിഐ ഡയറക്ടർ ആർ.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ഗുജറാത്ത് സർക്കാരിന് കോടതി നിർദേശം നൽകി.

Read More: അവസാനിക്കാത്ത പ്രഹസനങ്ങള്‍; ഇന്ത്യയിലെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഹ്രസ്വ ചരിത്രം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gujarat 2002 cases what supreme court once said and did