ന്യൂഡൽഹി: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും ദര്‍ശനം അനുവദിക്കും. പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴിയാണ്. 50 പേരെ മാത്രമേ ഒരു സമയം മല കയറാന്‍ അനുവദിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

“നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ ഏര്‍പ്പെടുത്തും. മാസ്‌ക് നിര്‍ബന്ധമാക്കും. നെയ്യഭിഷേകത്തിന് ഭക്തര്‍ പ്രത്യേക സ്ഥലത്ത് നെയ്യ് കൈമാറുന്ന രീതി അവലംബിക്കണം. ദേവസ്വം ജീവനക്കാര്‍ക്കും കൈയുറയും മാസ്‌കും നിര്‍ബന്ധമാക്കും. കേന്ദ്ര നിര്‍ദേശം അനുസരിച്ച് 10 വയസ്സില്‍ താഴെയുള്ള കുട്ടികളെയും 65 വയസ്സില്‍ കൂടുതലുള്ളവരെയും അനുവദിക്കില്ല. ശാന്തിക്കാര്‍ പ്രസാദം വിതരണം ചെയ്യരുത്. കൊടിയേറ്റവും ആറാട്ടും പരിമിതമായ രീതിയില്‍ നടത്താം,” മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങള്‍ എട്ടാം തിയതി ശുചീകരണം നടത്തി ഒമ്പതാം തിയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ വേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. അതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനങ്ങളിലെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടതാണ് എന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. അത് ഇവിടെയും നടപ്പാക്കും. മതസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഇത്തരത്തില്‍ അറിയിപ്പ് നല്‍കേണ്ടതാണ്.

Read Also: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 111 പേർക്ക്; പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ്

പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ഇത് നടപ്പാക്കുന്നതില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്.

പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം.

കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കാമെന്നാണ് കാണുന്നത്. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കേണ്ടതാണ്.

എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്.

Read Also: പുതിയ പദ്ധതികൾ വേണ്ട; വിഭവങ്ങൾ വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് മന്ത്രാലയങ്ങളോട് ധനമന്ത്രി

വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.

ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം.

പായ, വിരിപ്പ് എന്നിവ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരേണ്ടതാണ്.

അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം. എന്തായാലും ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം. പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.

അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.

ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കേണ്ടതാണ്. ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മവും നല്‍കരുത്. ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ചും സാമൂഹ്യ അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ വരണമെന്ന കാര്യത്തില്‍ ക്രമീകരണം വരുത്തും. 100 ചതുരശ്ര മീറ്ററിന് 15 പേര്‍ എന്ന തോത് അവലംബിക്കും. എന്നാല്‍, ഒരുസമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളില്‍ വരുന്ന വ്യക്തികളുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. രേഖപ്പെടുത്തുന്ന പേന ആരാധനയ്ക്ക് വരുന്നവര്‍ കൊണ്ടുവരണം.

അതേസമയം, ജൂൺ 8 മുതൽ പ്രഖ്യാപിച്ച ഇളവുകളുടെ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പുറത്തുവന്നിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള​ ആരാധനാലയങ്ങൾ തുറക്കില്ല, മറിച്ച് ഇതിന് പുറത്തുള്ളവ മാത്രമേ തുറക്കാവൂ. ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെന്റുകൾ ഉറപ്പാക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Read More: ആരാധനാലയങ്ങള്‍ തുറക്കുന്ന തീരുമാനം കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്: മുഖ്യമന്ത്രി

കേന്ദ്ര നിർദേശങ്ങൾ:

1. ആരാധനാലയത്തിന്റെ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാനുള്ള​ സംവിധാനവും, ശുചീകരണ സംവിധാനവും ഉണ്ടായിരിക്കണം.

2. രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ പരിസരത്ത് അനുവദിക്കൂ.

3. മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്

4. കോവിഡിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ചുള്ള പോസ്റ്ററുകൾ‌ പ്രദർശിപ്പിക്കണം. അവബോധം സൃഷ്ടിക്കുന്നതിനുള്ള ഓഡിയോ, വീഡിയോ ക്ലിപ്പുകൾ പതിവായി പ്ലേ ചെയ്യണം.

5. പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായി വയ്‌ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ൾക്ക് ഒരുമിച്ച് പാദരക്ഷകൾ വയ്ക്കാം.

6. ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്.

7. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കരുത്

8. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല.

9. സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ അനുവദിക്കില്ല.

10. ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം

11. ആരാധനാലയത്തിന് പുറത്തുള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം

12. ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം

13. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്.

14. ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം

15. ആർക്കെങ്കിലും ആരാധനാലയത്തിൽ വച്ച് അസുഖ ബാധിതർ ആയാൽ, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.

16. 65 വയസ് കഴിഞ്ഞവരും, 10 വയസിന് താഴെ ഉള്ളവരും, ഗർഭിണികളും, മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ അവർ വീടുകളിൽ നിന്ന് പുറത്തേക്ക് വരരുത്.

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മേയ് 30നുള്ള ഉത്തരവിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഷോപ്പിംഗ് മാളുകളും റസ്റ്റാറൻറുകളും പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.

Read More in English: Unlock 1.0: Centre issues SOPs for religious places, malls, restaurants and offices

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook