ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ജിമ്മുകളും യോഗ സെന്ററുകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. അൺലോക്ക് പ്രക്രിയയുടെ മൂന്നാം
ഘട്ടത്തിലാണ് രാജ്യത്തെ ജിംനേഷ്യങ്ങൾക്കും യോഗ സെന്ററുകൾക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിൽ തന്നെയായിരിക്കും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കണ്ടെയിൻമെന്റ് സോണുകളിലുള്ള ജിമ്മുകളും യോഗ സെന്ററുകളും തുറക്കില്ല.

ജിംനേഷ്യങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 65 വയസിന് മുകളിലുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ അടച്ചുപൂട്ടിയ സ്ഥലങ്ങളിലുള്ള ജിംനേഷ്യവും യോഗസെന്ററുകളും ഉപയോഗിക്കരുത്. ഇത്തരക്കാര്‍ തുറസ്സായ സ്ഥലങ്ങള്‍ ഉപയോഗിക്കണം.

Also Read: മുൻ മാർപാപ്പ ബെനഡിക്‌ട് പതിനാറാമൻ അത്യാസന്ന നിലയിലെന്ന് റിപ്പോർട്ട്

ജിംനേഷ്യം, യോഗസെന്റർ എന്നീ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും പ്രത്യേക കവാടം വേണം. ഫിറ്റ്‌നെസ് സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം.

ഓരോ ബാച്ചിനുമിടയിൽ 15 മുതൽ 30 ഇടവേളയുണ്ടായിരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിക്കുന്നു. തിരക്ക് ഒഴിവാക്കുന്നതിനും അണുവിമുക്തമാക്കാനുമാണ് ഈ സമയം. വ്യായാമം ചെയ്യുന്ന ഘട്ടത്തില്‍ മാസ്‌ക് ധരിക്കുമ്പോള്‍ ശ്വസന പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത് തടയാന്‍ മുഖംമറകള്‍ ഉപയോഗിക്കാമെന്നും പറയുന്നു. ആളുകള്‍ തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിക്കണം. മാസ്‌കും മുഖാവരണവും നിർബന്ധമാണെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

Also Read: Covid-19: Revised Guidelines for International Passengers Travelling to India: ഇന്ത്യയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാർ‌ക്കുള്ള പുതുക്കിയ മാർ‌ഗനിർ‌ദ്ദേശങ്ങൾ

ഫിറ്റ്‌നെസ് സെന്ററുകളിലെ ഉപകരണങ്ങള്‍ ആറടി അകലങ്ങളിലായിരിക്കണം സ്ഥാപിച്ചിരിക്കേണ്ടത്. ഇതോടൊപ്പം രോഗ ലക്ഷണങ്ങളില്ലാത്ത ആളുകളേ മാത്രമേ പ്രവേശിപ്പിക്കാവൂ, താപ പരിശോധന നടത്തണം. വന്നതും പോയതുമായ സമയം, പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook