ന്യൂഡൽഹി: കോഡ് ഓൺ വേജസ് നിയമം 2019 പ്രകാരമുള്ള പുതിയ ചട്ടങ്ങൾ കേന്ദ്രസർക്കാർ സെപ്തംബറോടെ നടപ്പാക്കിയേക്കും. രാജ്യത്ത് നിലവിലുള്ള വിവിധ തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടാണ് കോഡ് ഓൺ വേജസ് നിയമത്തിലെ വ്യവസ്ഥകൾ.
തൊഴിലാളികളുടെ വേതനം, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച ഈ നിയമവുമായി ബന്ധപ്പെട്ട കരട് ചട്ടങ്ങൾ ജൂലൈ ഏഴിലെ ഔദ്യോഗിക ഗസറ്റിൽ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 45 ദിവസം കരട് ചട്ടങ്ങളിൽ പൊതുജനാഭിപ്രായം രേഖപ്പെടുത്താം. അതിന് ശേഷം ഇതുസംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്ന് പിടിഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
രാജ്യത്ത് 50 കോടി തൊഴിലാളികൾക്ക് പുതിയ വേതന ചട്ടങ്ങളുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് നിയമത്തിന് അംഗീകാരം ലഭിച്ചത്.
കോഡ് ഓഫ് വേജസ് നിയമപ്രകാരം വേതനം, ബോണസ്, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകോപിപ്പിക്കുകയും ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. മിനിമം വേതന നിയമം, വേതനം നൽകൽ നിയമം, ബോണസ് നൽകൽ നിയമം, തുല്യ വേതന നിയമം എന്നീ നാല് തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് കോഡ് ഓഫ് വേജസ് ആക്ട് നിലവിൽ വരിക.
മിനിമം വേതനവും സമയബന്ധിതമായി ശമ്പളവും
തൊഴിൽ മേഖലയും വേതന പരിധിയും കണക്കിലെടുക്കാതെ എല്ലാ ജീവനക്കാർക്കും ഏകീകൃതമായി കുറഞ്ഞ വേതനം നൽകാനും സമയബന്ധിതമായി വേതനം നൽകാനും കോഡ് ഓഫ് വേജസ് ചട്ടം വ്യവസ്ഥ ചെയ്യുന്നു. വേതനം നൽകുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും വേതനത്തിൽ ലിംഗവിവേചനമില്ലെന്ന് ഉറപ്പാക്കാനുമുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.
തൊഴിലാളി എന്ന നിർവചനം ലളിതമാക്കുന്നുണ്ട് ഈ നിയമത്തിൽ. ഇത് നിയമ വ്യവഹാരങ്ങൾ കുറയ്ക്കാനും തൊഴിലുടമകൾ സർക്കാരിലേക്ക് അടകക്കേണ്ട തുകളുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കാനും സഹായകമാവുമെന്നും പ്രതീക്ഷിക്കുന്നു.
ജോലി സമയം
കരട് നിയമമനുസരിച്ച്, വേതന കോഡ് പ്രകാരം എട്ട് മണിക്കൂർ പ്രവൃത്തി ദിവസം നിർബന്ധമാണ്. ഫാക്ടറി നിയമപ്രകാരം നൽകിയിട്ടുള്ള തൊഴിൽ സമയ വ്യവസ്ഥയിൽ മാറ്റമൊന്നുമില്ല. കോവിഡ്-19 രോഗവ്യാപനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ ജോലി സമയം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അടിസ്ഥാന കൂലി
കരട് നിയമമനുസരിച്ച് അടിസ്ഥാന ജീവിത സാഹചര്യങ്ങൾ കണക്കാക്കി കുറഞ്ഞ കൂലി കണക്കാക്കും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, സർക്കാർ പരിഗണിക്കുന്ന മറ്റേതെങ്കിലും ഘടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ പരിശോധിച്ച് അടിസ്ഥാന ജീവിതനിലവാരം കണക്കിലെടുക്കും. ഇതനുസരിച്ചാവും ഏകീകൃത അടിസ്ഥാന കൂലി നിർണയിക്കുക.