ശ്രീനഗര്‍: ചരക്കു സേവന നികുതി നിരക്കുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായി. മികച്ച നികുതി മാര്‍ഗം എന്നതിലുപരി ഉപഭോക്ത സൗഹൃദ നികുതിയായിരിക്കും ജിഎസ്ടി എന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു. അതേസമയം യാത്രാ നിരക്കുകളില്‍ അഞ്ച് ശതമാനം നികുതി ഈടാക്കും.

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഇന്നലെയും ഇന്നുമായി ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി സ്ലാബുകള്‍ സംബന്ധിച്ച നിര്‍ണയം നടത്തിയത്. 5,12,18. 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകള്‍ ആയിട്ടായിരിക്കും നികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുക. ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വരിക.

ധാന്യങ്ങള്‍, പഞ്ചസാര, ചായപ്പൊടി, പാല്‍, പഴയങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, കാപ്പി, ഭക്ഷ്യ എണ്ണ, മധുരം തുടങ്ങിയവയ്ക്ക് ഏറ്റവും ചെറിയ നികുതി സ്ലാബായ അഞ്ചു ശതമാനമായിരിക്കും ഈടാക്കുക.

ലക്ഷുറി കാറുകള്‍ക്ക് 28 ശതമാനം ലെവിയും 15 ശതമാനം സെസ്സും പിടിക്കും. അതേസമയം, പെട്രോള്‍ ചെറുകാറുകള്‍ക്ക് 28 ശതമാനം നികുതിയും ഒരു ശതമാ നം സെസ്സും പിടിക്കും. ഡീസല്‍ ചെറുകാറുകള്‍ക്ക് 28 ശതമാനം നികുതിയും മൂന്നു ശതമാനം സെസ്സും നല്‍കേണ്ടി വരും.

ജി.എസ്.ടിക്കു കീഴില്‍ 81 ശതമാനം സാധനങ്ങള്‍ക്കും നികുതി നിര്‍ണയിച്ചിരിക്കുന്നത് 18 ശതമാനമാനം എന്ന സ്ലാബിലാണ്. പട്ടിക തയ്യാറാക്കിയ 1211 സാധനങ്ങളില്‍ 14 ശതമാനത്തിന് അഞ്ചു ശതമാനം നികുതിയും 17 ശതമാനത്തിന് 12 ശതമാനം നികുതിയും പിടിക്കും. 43 ശതമാനം സാധനങ്ങള്‍ക്ക് 18 ശതമാനം നികുതിയും 19 ശതമാനത്തിന് 28 ശതമാനം നികുതിയും ഈടാക്കും. എല്ലാ രാസ വസ്തുക്കള്‍ക്കും 18 ശതമാനമാണ് നികുതി. സ്വര്‍ണം, തുണിത്തരങ്ങള്‍, ബയോ ഡീസല്‍ തുടങ്ങിയവയ്ക്ക് വെള്ളിയാഴ് നികുതി നിര്‍ണയിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ