ന്യൂഡൽഹി: എൻഡിഎ സർക്കാർ നടപ്പാക്കിയ ജിഎസ്ടി പരിഷ്കാരം പരാജയമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി ചിദംബരം. ഏഴോ എട്ടോ നികുതി നിരക്കോടെ തിടുക്കത്തിൽ നടപ്പാക്കിയ ജിഎസ്ടി പരിഷ്കാരം വികലവും പരിഹാസ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി നിരക്ക് 18 ശതമാനമായി കുറച്ച് ഏകീകരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“യുപിഎ ഗവണ്‍മെന്റ് ആലോചിച്ചുറപ്പിച്ച ജിഎസ്ടി സമ്പ്രദായം ഇപ്രകാരമല്ല. ഇത് അപൂര്‍ണമായൊരു നികുതി സമ്പ്രദായമാണ്. പെട്രോളിയം, വൈദ്യുതി, റിയൽ എസ്റ്റേറ്റ് എന്നിവ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വന്നാല്‍ മാത്രമേ ലക്ഷ്യം നേടാന്‍ കഴിയുകയുളളു.. എല്ലാ പരോക്ഷ നികുതികളെയും എകീകരിക്കുക എന്നതാണ് ജിഎസ്ടിയുടെ ലക്ഷ്യം. എന്നാൽ ഇത് പൂർത്തീകരിക്കുന്നതിൽ പുതിയ നികുതി സന്പ്രദായം പരാജയപ്പെട്ടുവെന്നും ചിദംബരം പറഞ്ഞു.

രാജ്യത്തെ വ്യാപാരകേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമായിരുന്നു. ഇതിനായി ആദ്യമൊരു പരീക്ഷ സംവിധാനമാണ് ഒരുക്കേണ്ടിയിരുന്നത്. ജിഎസ്ടിയില്‍ ഭേദഗതി ആവശ്യപ്പെട്ടെങ്കിലും ചിലത് മാത്രമാണ് കേന്ദ്രം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിലെ തിയേറ്റർ സമരങ്ങളടക്കം ജിഎസ്ടിയിൽ ശരിയായ ദിശയിൽ നടപ്പാക്കാത്തതിന്‍റെ പ്രതിഫലനങ്ങളാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ