ന്യൂ‌ഡൽഹി: ജി.എസ്.ടി നിരക്കുകളിൽ പൂർണമായ മാറ്റം വേണമെന്ന് റവന്യൂ സെക്രട്ടറി ഹസ്‌മുഖ് അഥീയ. ചെറുകിട – ഇടത്തരം വ്യവസായത്തിന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടി നികുതി നിരക്കുകൾ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ഹസ്‌മുഖ് വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിനെതിരെ പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തിയിരിക്കുന്നതിനിടെയാണ് ഹസ്‌മുഖിന്റെ പ്രസ്താവന.

ജി.എസ്.ടി സ്ഥിരതയാർജ്ജിക്കാൻ ഒരു വർഷം വരെ സമയം എടുത്തേക്കാം. സാധാരണക്കാർക്കും ചെറുകിട, ഇടത്തരം കച്ചവടക്കാർക്കും അനുഭവപ്പെടുന്ന ഭാരം ലഘൂകരിച്ചാൽ മാത്രമേ ജി.എസ്.ടിയ്ക്ക് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത ലഭിക്കൂ. ഇതിനായി ഏതൊക്കെ ഇനങ്ങൾക്ക് നികുതി ശതമാനം കുറയ്ക്കണമെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ഹസ്‌മുഖ് അറിയിച്ചു.

ഗുവാഹട്ടിയിൽ നവംബർ 10ന് നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാനാണ് കമ്മിറ്റി ശ്രമിക്കുന്നത്. ഇതിനായി ചർച്ചകളും പഠനങ്ങളും പുരോഗമിക്കുകയാണെന്നും ഹസ്‌മുഖ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ