ഇന്ത്യയൊട്ടാകെ ഒറ്റ നികുതി സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഏറ്റവും സങ്കീർണ്ണമായ നികുതി വ്യവസ്ഥയെന്ന ദുഷ്പേരിൽ നിന്ന് രാജ്യം കരകയറിയിരിക്കുകയാണ്. പല നികുതികളിൽ നിന്ന് ഒറ്റ നികുതിയിലേക്ക് മാറുമ്പോൾ അത് ജനങ്ങളെയും വ്യാപാരികളെയും പല തരത്തിലാണ് ബാധിക്കുക.

അഞ്ച് സ്ലാബുകളിലായി 3%, 5%, 12%, 18%, 28% എന്നിങ്ങനെയാണ് നികുതി നിരക്കുകൾ. ഓരോ ഉൽപ്പന്നവും കൈമാറ്റം ചെയ്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം നികുതി ഈടാക്കിയിരുന്ന പഴയ സ്ഥിതി മാറി. ആദ്യ കൈമാറ്റത്തിൽ തന്നെ മുഴുവൻ നികുതിയും ഈടാക്കുന്നതോടെ ഉപഭോക്താവിന്റെ പക്കലെത്തുന്ന പല സാധനങ്ങളുടെയും വില കുറയും.

വില കുറയുന്നവ

പഞ്ചസാരയ്ക്ക് ഇതുവരെ ഈടാക്കപ്പെട്ടിരുന്നത് ആകെ 8.93 ശതമാനമാണ്. ഇത് ഇനി മുതൽ 5 ശതമാനം മാത്രമാകും. ഇതോടെ 4.93 ശതമാനം വിലയിൽ കുറവ് വരും. 1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്ക് ഈടാക്കിയിരുന്ന 13.23ശതമാനം നികുതി 12 ശതമാനമാക്കി കുറച്ചതോടെ ഉപഭോക്താവിന് പണം ലാഭിക്കാനാകും.

ഭക്ഷ്യ എണ്ണയ്ക്ക് നിലവിൽ 8.41 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. ഇതും 5 ശതമാനമായി കുറയും. 29.58 ശതമാനം നികുതി ഈടാക്കിയിരുന്ന ടൂത്ത് പേസ്റ്റിന് 11.58 ശതമാനം നികുതി കുറച്ച് നൽകിയാൽ മതി. പാൽപ്പൊടി ഉപയഗിക്കുന്നവർക്ക് 7.13 ശതമാനം നികുതിയിളവും ഹെൽമറ്റിന് 4.47 ശതമാനം നികുതിയിളവും ലഭിക്കും.

അരി, ഗോതമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, കുളിക്കുന്ന സോപ്പ്, എണ്ണ, സോപ്പു പൊടി, നാപ്കിൻ, ടിഷ്യു പേപ്പർ, മെഴുകുതിരി, നൂഡിൽസ്, പഴങ്ങൾ, പച്ചക്കറികൾ, അച്ചാർ, വിവിധതരം സോസുകൾ, ശുദ്ധീകരിച്ച വെള്ളം, ഐസ്, ബിസ്കറ്റ്, കശുവണ്ടി പരിപ്പ്, മണ്ണെണ്ണ, പാചകവാതകം, കരണ്ടികൾ, കത്തികൾ, ചന്ദനത്തിരി, പാചക വാതക സ്റ്റൗ, പ്ലാസ്റ്റിക് ടാർപോളിൻ, എല്ലാതരം പേപ്പറുകളും, പേന, ഗ്രാഫ് പേപ്പർ, സ്കൂൾ ബാഗ്, പുസ്തകങ്ങൾ, പ്രിന്ററുകൾ, ഇൻസുലിൻ, ഡയബറ്റിക്സിനും കാൻസറിനും ഉള്ള മരുന്നുകൾ, കണ്ണടകൾ, സിൽക്-വൂളൻ-ഖാദി തുണിത്തരങ്ങൾ, 500 രൂപ വരെയുള്ള ചെരുപ്പുകൾ എന്നിവ വില കുറയുന്ന പട്ടികയിലാണ്.

15 എച്ച്പി വരെയുള്ള ഡീസൽ എഞ്ചിനുകൾക്ക് വില കുറയും. ട്രാക്ടർ, ഭാരമേറിയ യന്ത്രങ്ങൾ, ബൈക്കുകൾ, 100 രൂപ വരെയുള്ള സിനിമ ടിക്കറ്റുകൾ, ആഡംബര കാറുകൾ, സ്കൂട്ടറുകൾ, ഇക്കോണമി ക്ലാസിലുള്ള വിമാന ടിക്കറ്റുകൾ, 7500 രൂപ വരെ നിരക്കുള്ള ഹോട്ടൽ മുറികൾ, സിമന്റ്, സിമന്റ് കട്ടകൾ എന്നിവയ്ക്കും വില കുറയുന്നുണ്ട്.

വില കൂടുന്നവ

പതിവ് പോലെ മദ്യത്തിനും സിഗരറ്റിനും ജിഎസ്ടിയിലും വില വർദ്ധിച്ചിട്ടുണ്ട്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ നിരക്കുകൾ, ഇൻഷുറൻസ് പ്രീമിയം, ബാങ്കിംഗ് നിരക്കുകൾ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനം, ക്രഡിറ്റ് കാർഡ് ബിൽ, 350 സിസിക്ക് മുകളിൽ എഞ്ചിൻ ക്ഷമതയുള്ള ബൈക്കുകൾ, ചെറുതും-ഇടത്തരം വലിപ്പമുള്ളതുമായ കാറുകൾ, മത്സ്യബന്ധനത്തിനുള്ള വലകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ, യോഗ മാറ്റുകൾ, വിവിധതരം പാനീയങ്ങൾ എന്നിവയ്ക്ക് വില കൂടും.

ഇതിന് പുറമേ പനീർ, കോൺഫ്ലേക്, മസാലപ്പൊടി, നെയ്, തൈര്, ഐസ്ക്രീം, ച്യൂയിംഗം, സ്വർണ്ണം, 100 രൂപയ്ക്ക് മുകളിലുള്ള സിനിമ ടിക്കറ്റ്, ആയുർവേദ മരുന്നുകൾ, 1000 രൂപയ്ക്ക് മുകളിലെ വസ്ത്രങ്ങൾ, 500 രൂപയിലധികം വിലയുള്ള ചെരിപ്പുകൾ, പഞ്ചനക്ഷത്ര ഹോട്ടലിനകത്തെ ഭക്ഷണശാലകൾ, സംഗീത പരിപാടികൾ, ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ, പെർഫ്യൂം, ഷാംപൂ, ഫസ്റ്റ് ക്ലാസ് റെയിൽ ടിക്കറ്റുകൾ, എസി ക്ലാസ് റെയിൽ ടിക്കറ്റുകൾ, റെയിൽവേ സ്ഥലത്തെ പാർക്കിംഗ് ഫീസ്, ബിസിനസ് ക്ലാസിലെ വിമാന ടിക്കറ്റ്, ആഡംബര ഉൽപ്പന്നങ്ങൾക്കും വില മുൻപത്തേതിലും അധികമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ